Medical fees issue; Medical managements help for UDF

തിരുവനന്തപുരം: സ്വാശ്രയ സമരം പ്രഖ്യാപിച്ച് ‘വെട്ടിലായ’ പ്രതിപക്ഷത്തിന്റെ രക്ഷക്ക് ഒടുവില്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് 2,50,000 രൂപ എന്നതില്‍ നിന്ന് 2,10,000 രൂപയാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറാണ് ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. വാര്‍ഷിക ഫീസിനത്തില്‍ 40,000 രൂപ കുറവ് വരുത്താമെന്നാണ് വാഗ്ദാനം.

മറ്റ് സ്വകാര്യ മാനേജ്‌മെന്റുകളും ഇതിന് സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്ന് ജയിംസ് കമ്മിറ്റി കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കുകയും തലവരിപ്പണം വാങ്ങുന്നതിനെതിരെ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഈ മലക്കം മറിച്ചില്‍ എന്നതും ശ്രദ്ധേയമാണ്.

തലവരിപ്പണം വാങ്ങുന്നതിനെതിരെ വിജിലന്‍സ് വേണ്ട ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ഫീസ് കുറക്കാമെന്ന് പറഞ്ഞ് എംഇഎസ് ചെയര്‍മാന്‍ രംഗത്തെത്തിയത്.

ഫീസ് കുറക്കുന്ന പ്രശ്‌നമില്ലെന്നും കരാര്‍ അത് പോലെ തുടരുമെന്നും പറഞ്ഞ് പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരത്തിനെതിരെ സര്‍ക്കാര്‍ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാ സാധ്യതകളും പ്രതിപക്ഷം പരിശോധിച്ചിരുന്നു.

കോണ്‍ഗ്രസ്സ്-മുസ്ലീംലീഗ് നേതൃത്വങ്ങളുമായി അടുത്ത് ബന്ധമുള്ളവരാണ് സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍. ഇവരില്‍ ബഹുഭൂരിപക്ഷത്തിനും അനുമതി ലഭിച്ചത് തന്നെ പ്രമുഖ യുഡിഎഫ് നേതാക്കളുടെ ശുപാര്‍ശയിന്‍ മേല്‍ ആണെന്നതും പരസ്യമായ രഹസ്യമാണ്.

കൊട്ടിഘോഷിച്ച് തുടങ്ങിയ സമരം തീരുമാനമാകാതെ പിന്‍വലിച്ചാല്‍ നാണക്കേടാവുമെന്നും പിണറായി സര്‍ക്കാരിനെതിരായ ആദ്യ സമരം തന്നെ പാളിയാല്‍ അണികളുടെ മനോവീര്യം തകരുമെന്നും കണ്ടുമാണ് ബദല്‍ മാര്‍ഗ്ഗം തേടിയത്.

ഇതേതുടര്‍ന്നാണ് ഒരു വിഭാഗം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ ഇപ്പോള്‍ ‘ഉപകരണ’ സ്മരണാര്‍ത്ഥം പ്രതിപക്ഷത്തിന്റെ സഹായത്തിനായി എത്തിയിരിക്കുന്നത്.

കോളേജുകള്‍ ഫീസ് കുറക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ‘സന്തോഷം’ എന്നാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ പ്രതികരണം.

Top