ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് ഏകീകൃത പൊതുപരീക്ഷയുടെ (നീറ്റ്) ഒന്നാംഘട്ടം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കേസില്‍ ഇടപെടാനാവില്ലെന്നാണ് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇതോടെ പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടന്നു.
രണ്ടാം ഘട്ടം ജൂലൈ 24നും നടക്കും. രണ്ടാംഘട്ടത്തില്‍ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളുമെത്തും. ഓഗസ്ത് 17ന് ഫലം പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 30ന് നടക്കുന്ന ഏകീകൃത പ്രവേശന നടപടികളിലൂടെ വിദ്യാര്‍ത്ഥികളുടെ കോളജ് പ്രവേശനവും ഉറപ്പാക്കും.
സംസ്ഥാന സിലബസുകള്‍ വ്യത്യസ്തമാണെന്നും നീറ്റ് പരീക്ഷയില്‍ സിബിഎസ്ഇ സിലബസില്‍നിന്ന് കൂടുതല്‍ ചോദ്യമുണ്ടാകുന്നതിനാല്‍ തയ്യാറാകാന്‍ സമയം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഭേദഗതി ഹര്‍ജിയും കോടതി തള്ളിയിരുന്നു. ‘നീറ്റ്’ പരീക്ഷ ഈ വര്‍ഷം നടത്തരുതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.
രണ്ടുഘട്ടമെന്നത് ഒഴിവാക്കി ജൂലായ് 24ന് ഒറ്റഘട്ടമായി പരീക്ഷ നടത്തണമെന്ന ആവശ്യവും കോടതി തള്ളുകയായിരുന്നു. അതിനിടെ, സുപ്രിംകോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ നല്‍കാനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്.