Medical enrollment – governmen- order-stay

കൊച്ചി : സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഉപാധികളോടെ ഹൈക്കോടതിയുടെ സ്റ്റേ.

എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണം. മാനേജ്‌മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

അപേക്ഷകരുടെ റാങ്ക് പ്രവേശനത്തിന് മാനദണ്ഡമാക്കണം. അപേക്ഷയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.

പ്രോസ്‌പെക്ടസിന് പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി വേണം. സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വിധി സ്വാഗതാര്‍ഹമാണ് സ്വകാര്യ മാനേജ്‌മെന്റ് അധികൃതര്‍ പ്രതികരിച്ചു.

മെഡിക്കല്‍ പ്രവേശനം നീറ്റ് പട്ടികയില്‍നിന്ന് മാത്രമാകണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ സീറ്റുകളിലേക്ക് സര്‍ക്കാരിന്റെ പൊതു പ്രവേശന പരീക്ഷയെ ആസ്പദമാക്കി പ്രവേശനം നടത്തും.

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അന്‍പത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നടത്താം. പക്ഷേ, അതും നീറ്റ് പരീക്ഷയിലെ പട്ടിക മാനദണ്ഡമാക്കി റാങ്ക് അടിസ്ഥാനമാക്കി തന്നെ പ്രവേശനം നടത്തണം.

മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും റാങ്ക് അടിസ്ഥാനമാക്കി വേണം നടത്താന്‍. ഇതിന്റെയും പട്ടിക സര്‍ക്കാര്‍ നല്‍കുമെന്നും എജി കോടതിയെ അറിയിച്ചു.

എന്നാല്‍, ഈ നടപടി പ്രായോഗികമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നീറ്റ് മാനദണ്ഡമാക്കി മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന പട്ടിക പ്രകാരം പ്രവേശനം നടത്തുന്നത് പ്രായോഗികമല്ലെന്നു മാനേജ്‌മെന്റുകളും നിലപാടെടുത്തു.

സീറ്റ് പങ്കിടാന്‍ രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടും പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും എജി കോടതിയെ അറിയിച്ചു.

Top