മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവം, ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച്ച മൂലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍ നടപടിക്ക് ശുപാര്‍ശയുമായി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.

വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടിരുന്നു. തെന്നിവീണ് കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.

ചികിത്സയിലിരിക്കെ ഈ മാസം ആറിനാണ് അനില്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി.

തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Top