കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

പിത്താശയക്കല്ല് നീക്കം ചെയ്യാനെത്തിയ ബൈജു എന്ന യുവാവാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ചേമഞ്ചേരി തൂവക്കോട് സ്വദേശി ബൈജു ഈ മാസം 18 നായിരുന്നു മരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം ആന്തരിക രക്തസ്രാവമുണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായ ചേമഞ്ചേരി തൂവക്കോട് കൊയമ്പുറത്ത് താഴെക്കുനി ബൈജു മരിച്ചത് ഡോക്ടര്‍മാരുടെ പിഴവ് മൂലമാണെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന നീര് പുറത്ത് പോകാനുള്ള ട്യൂബ് ഇടാത്തതാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്ലീഹയില്‍ 300 ഗ്രാം രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നും കരളിലും കരളിനോട് ചേര്‍ന്ന ഭാഗത്തും 700 മില്ലി ലിറ്റര്‍ ഇരുണ്ട നിറത്തിലുള്ള ദ്രാവകം ഉണ്ടായിരുന്നുവെന്നുമാണ് പറയുന്നത്. താക്കോര്‍ ദ്വാര ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി ബൈലറി പെന്റോനൈറ്റിസ് എന്ന അവസ്ഥയിലെത്തിയതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

Top