മെഡിക്കല്‍ കോളേജ് കോഴ ; ഹവാല ഇടപാടില്‍ ഇഡി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി ബിജെപി നേതാക്കള്‍ കോഴവാങ്ങിയത് ഹവാല ഇടപാടിലൂടെയാണെന്ന ആരോപണത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്ററേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ആരോപണ വിധേയരുടേയും പരാതിക്കാരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇഡി അന്വേഷിച്ച് തുടങ്ങി.

ഹവാല ഇടപാടുകള്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിറ്റിന് (2002) കീഴില്‍ വരുന്നതിനാലാണ് ഇഡി അന്വേഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹവാല ഇടപാടിലൂടെ പെരുമ്പാവൂരില്‍ നിന്നും പണം ഡല്‍ഹിക്ക് അയച്ചതായാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

കുറ്റം തെളിഞ്ഞാല്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിലെ സെഷന്‍ നാല് അനുസരിച്ച് മൂന്നുകൊല്ലത്തില്‍ കുറയാത്തതും പരമാവധി ഏഴുവര്‍ഷം വരെയും കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കും. കൂടാതെ കോഴയായി കൊടുത്ത തുകയുടെ ഏഴിരട്ടിവരെ പിഴയായി ഈടാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സിക്ക് സാധിക്കുന്നതാണ്.

അനധികൃതമായി പണം നോട്ട് രൂപത്തില്‍ ഒരാളില്‍നിന്നു മറ്റൊരാളിലേക്ക് കൈമാറുന്ന രീതിയാണ് ഹവാല. എന്നാല്‍ ഹവാലാ മാര്‍ഗത്തില്‍ പണം കൈമാറാനുള്ള സാധ്യതകള്‍ കുറവാണെന്നും നോട്ടുനിരോധനത്തിന് ശേഷം ഇത്തരം ഇടപാടുകള്‍ വിരളമായെന്നും ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ബാങ്ക് വഴി ഇടപാട് നടന്നിരിക്കാനാണു സാധ്യതയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടു ലക്ഷത്തിനു മുകളില്‍ തുക കൈമാറുന്നതിന് ഉപയോഗിക്കുന്ന ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) വഴി പണം കൈമാറാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിലൂടെ രണ്ടു മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക് പണം കൈമാറപ്പെടും. രണ്ടു ലക്ഷം വരെ തുക കൈമാറുന്നതിന് എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ആണ് ഉപയോഗിക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്.

ഈ രണ്ട് സംവിധാനത്തിലൂടെയും പണം അയച്ചതും സ്വീകരിച്ചതുമായ വ്യക്തികളെ എളുപ്പത്തില്‍ കണ്ടെത്താനാകും.

Top