തിരുവനന്തപുരം: വയറ്റിലെ മുഴ കാന്‍സറാണെന്നറിഞ്ഞ റിട്ട. കെ.എസ്.ആര്‍.ടി.സി സൂപ്രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ തൂങ്ങിമരിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകലില്‍ താമസിക്കുന്ന ചേര്‍ത്തല മുരിങ്ങനാട് ശ്രീലക്ഷ്മിയില്‍ രാധാകൃഷ്ണനാണ് (64) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5ന് പേ വാര്‍ഡിലെ 564ാം നമ്പര്‍ മുറിയിലെ ബാത്ത് റൂമിലെ ജനാല അഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
രണ്ടാഴ്ച മുമ്പാണ് വയറുവേദനയും അസ്വസ്ഥതകളുമായി രാധാകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വയറ്റില്‍ മുഴ കണ്ടെത്തുകയും അത് കാന്‍സറാണെന്ന് ഇന്നലെ തിരിച്ചറിയുകയും ചെയ്തിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീദേവിയോട് പുലര്‍ച്ചെ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞ് അതിനുള്ളില്‍ കയറി കതകടച്ച രാധാകൃഷ്ണന്‍ ഏറെ നേരമായിട്ടും വാതില്‍ തുറന്നില്ല. ഭാര്യ ബഹളം കൂട്ടി മറ്റു മുറികളിലുള്ളവര്‍ എത്തി വാതില്‍ തള്ളിത്തുറന്നപ്പോള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് അഴിച്ചിറക്കി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.


