മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ശമ്പള കുടിശ്ശിക നല്‍കണം; കെജിഎംസിടിഎ

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് 2016 മുതലുള്ള അര്‍ഹമായ ശമ്പള കുടിശ്ശിക ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ)സംസ്ഥാന സമിതി. നിലവില്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

നിലവില്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണത്തില്‍ കേന്ദ്രവിഹിതം ലഭിക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പളകുടിശ്ശിക നല്‍കാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കു യുജിസി ഗ്രാന്‍ഡ് ലഭ്യമല്ല. എന്നാല്‍ ജിഎസ്ടി ഉള്‍പ്പെടെയുള്ള കേന്ദ്രവിഹിതം സംസ്ഥാനസര്‍ക്കാരിന് ലഭിച്ച സാഹചര്യത്തില്‍ ഉടനടി ശമ്പള കുടിശ്ശിക നല്‍കണമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് വി.കെ.സുരേഷ് ബാബു, സെക്രട്ടറി നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ആര്‍ട്‌സ് കോളജ് അധ്യാപകര്‍, എന്‍ജിനീയറിങ് കോളജ് അധ്യാപകര്‍ തുടങ്ങി മറ്റ് എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളകുടിശ്ശികയോടൊപ്പമുള്ള ശമ്പളപരിഷ്‌കരണം നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് അത് പ്രഖ്യാപിക്കാത്തത് തികഞ്ഞ വിവേചനമാണ്. അതുകൊണ്ട് 1.1.2016 മുതല്‍ ലഭിക്കുവാന്‍ ഉള്ള അലവന്‍സോടെയുള്ള ശമ്പളകുടിശ്ശികയും ഉടനടി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Top