തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ്; മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നു

bjp

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. സംഭവത്തില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അറിയിച്ചു.

പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് പറയുന്നു. 5.6 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

കേസ് അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടന്‍ വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.

കോഴയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നേതാവിനെ ബിജെപി പുറത്താക്കിയിരുന്നു. തനിക്ക് ലഭിച്ച പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും കോഴ വിവാദത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

വര്‍ക്കലയിലെ എസ്.ആര്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ആറ് കോടി രൂപ കോഴ ഡല്‍ഹിയിലുള്ള ഇടനിലക്കാരന്‍ സതീഷ് നായര്‍ വഴി നകിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.

വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റ് എസ്.പി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവന്നത്.

വിജിലന്‍സിന്റെ മൊഴിയെടുപ്പില്‍ മെഡിക്കല്‍ കോളേജ് അനുമതിക്കായി ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയര്‍ന്ന വര്‍ക്കല, പാലക്കാട് കോളേജ് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. പണം നല്‍കിയ കോളേജ് ഉടമ ഷാജിയും പരാതി നല്‍കിയിരുന്നില്ല. പണം നല്‍കിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.

Top