medical admission issue-legisltive assembly-restarted

തിരുവനന്തപുരം :സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തടസപ്പെട്ട നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു.

വിഷയത്തില്‍ രാവിലെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

കരാറിലെ പിഴവുമൂലം ഫീസ് കുത്തനെ ഉയര്‍ന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഓരോ സീറ്റിനും 65 മുതല്‍ 50ലക്ഷം രൂപവരെ കൂട്ടിയാണ് ഈടാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തിലാണ് സഭ നിര്‍ത്തിവച്ചത്.

എന്നാല്‍ ഫീസ് വര്‍ദ്ധിപ്പിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഒരു ബുദ്ധിമുട്ടുമില്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഫീസ് കൂട്ടിയതിലൂടെ മെറിറ്റ് സീറ്റ് കൂടുതല്‍ കിട്ടിയെന്നും പ്രതിപക്ഷത്തിന് മാത്രമാണ് കരാറില്‍ തൃപ്തിയില്ലാത്തതും മന്ത്രി വ്യക്തമാക്കി. ഭരണപക്ഷത്തെ ആരുടെയും മക്കള്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നില്ല. എന്നാല്‍ പ്രതിപക്ഷത്തെ ചിലരുടെ മക്കള്‍ ഫീസില്ലാതെ ഇത്തരം കോളേജുകളില്‍ പഠിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.

എന്നാല്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അവരുടെ പേര് വിവരങ്ങള്‍ സഭയില്‍ തുറന്നുപറയണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

സ്വാശ്രയ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഫീസ് വര്‍ദ്ധന അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല നിയമസഭാ നടപടികള്‍ അനാവശ്യമായി തടസപ്പെടുത്തില്ലെന്നും പറഞ്ഞു.

തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പിന്മേലാണ് സഭാ നടപടികള്‍ വീണ്ടും തുടങ്ങിയത്. സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസുകാരുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും നീറ്റ് മെറിറ്റ് അട്ടിമറിക്കുന്നത് ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ പ്രത്യേക ബ്ലോക്കായിരുന്ന കെ.എം മാണിയും സംഘവും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top