മീഡിയവണ്‍ ഹര്‍ജികൾ പരിഗണിക്കുന്നത് മാറ്റി

ഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണ വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നാടരാജ് മറ്റൊരു കേസിന്റെ തിരക്കില്‍ ആയതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ മറ്റൊരു കേസില്‍ കെ.എം. നടരാജ് ഹാജരാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ജസ്റ്റിസ് ഗുപ്തയുടെ കോടതിയില്‍, നടരാജ് ഹാജരാകുന്ന കേസില്‍ നേരത്തെ വാദം കേള്‍ക്കല്‍ ആരംഭിച്ചതാണെന്നും അത് ഇപ്പോഴും തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരുന്നത്. അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് ഒരാ ഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിക്കാരായ മീഡിയ വണ്‍ ഉടമകള്‍ക്കും ചാനല്‍ എഡിറ്റര്‍ക്കും വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്തു. തുടര്‍ന്ന് പ്രധാനപ്പെട്ട ഈ കേസില്‍ ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിക്കാമെന്ന് കോടതി അറിയിക്കുകയും ചെയ്തുവെങ്കിലും സര്‍ക്കാരിന്റെ ആവശ്യം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു. അടുത്തയാഴ്ച നല്ല തിരക്കായതിനാല്‍ അതിന്റെ അടുത്തയാഴ്ച കേസ് കേള്‍ക്കാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

Top