മീഡിയവണ്‍ വിലക്ക്; നടപടിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. വിലക്കുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും ഇന്ന് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

Top