എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു; കോടിയേരി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നാണ് കോടിയേരിയുടെ ആക്ഷേപം. ഭരണ നേട്ടങ്ങളെ ഇകഴ്ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു, സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചു വിട്ടുവെന്നും കോടിയേരി പറഞ്ഞു.

അലക്കി വെളുപ്പിക്കാന്‍ ശ്രമിച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കീറിപോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി മാധ്യമങ്ങള്‍ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അന്ധമായ ഇടതുപക്ഷ വിമര്‍ശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നപ്പോഴും മാധ്യമങ്ങള്‍ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി.

സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് മറച്ചു വക്കാന്‍ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങള്‍ മറ്റു തരത്തില്‍ ചിത്രീകരിച്ചുവെന്നും കോടിയേരി പറയുന്നു.

 

Top