മാധ്യമങ്ങൾക്ക് ഇരട്ടതാപ്പ്, എസ്.എഫ്.ഐയെ വളഞ്ഞിട്ടു ആക്രമിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ പക

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മുന്‍ നിര്‍ത്തി എസ്.എഫ്.ഐ എന്ന ഒരു മഹാപ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുന്നത് ആരായാലും അതെന്തായാലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല. നിഖില്‍ തോമസ് ചെയ്തതു വലിയ തെറ്റു തന്നെയാണ്. തെറ്റ് എന്നു പറയുന്നതിനേക്കാള്‍ വിശ്വസിച്ച പ്രസ്ഥാനത്തെ വഞ്ചിച്ചവന്‍ എന്നു തന്നെ അവനെ വിശേഷിപ്പിക്കേണ്ടി വരും. കാരണം ആ ഒരൊറ്റ വിഷയം കൊണ്ടാണ് എസ്.എഫ്.ഐ ഇത്രയേറെ കടന്നാക്രമണം നേരിടേണ്ടി വന്നിരിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജം തന്നെയാണ്. ഇക്കാര്യം മറച്ചു വച്ച് , എസ്.എഫ്.ഐ സംസ്ഥാന നേതാക്കളെ തെറ്റിധരിപ്പിക്കുക വഴി മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തെയാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് കൊത്തിപ്പറിക്കാന്‍ അയാള്‍ ഇട്ടു കൊടുത്തിരിക്കുന്നത്. എന്തിനു വേണ്ടി ഇങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനു മറുപടി പറയേണ്ടത് നിഖില്‍ തോമസ് തന്നെയാണ്.

എന്തുവാദം ഉയര്‍ത്തിയാലും ഇടതുപക്ഷ കേരളം ഒരിക്കലും നിഖില്‍ തോമസിനോട് പൊറുക്കുകയില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയം ഒരിക്കലും നിഖില്‍ തോമസിനെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകേണ്ട വിഷയമല്ല ഏജന്റുമാരെ കേന്ദ്രീകരിച്ചും അന്വേഷിക്കേണ്ടതുണ്ട്. അത്തരം ആളുകള്‍ക്കെതിരേയും കര്‍ശന നടപടി വേണം. ഇക്കാര്യത്തില്‍ മറ്റു അന്വേഷണങ്ങള്‍ പോലീസാണ് ഇനി നടത്തേണ്ടത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുക്കുന്ന വലിയ മാഫിയസംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം എസ്.എഫ്.ഐയും ഇപ്പോള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

നിഖില്‍ തോമസ് എസ്.എഫ്.ഐ നേതാക്കള്‍ക്കു മുന്നില്‍ കാണിച്ച കേരള സര്‍വകലാശാലയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലായിരുന്നു. ആ വസ്തുതയുടെ കൂടി അടിസ്ഥാനത്തിലാണ് ഇത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന വാദം തുടക്കത്തില്‍ എസ്.എഫ്.ഐ നേതൃത്വം മുന്നോട്ടുവെച്ചിരുന്നത്. അതല്ലാതെ ചത്തിസ്ഗഢിലെ ഒരു സര്‍വ്വകലാശാലയില്‍ പോയി അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരാന്‍ എസ്.എഫ്.ഐ ഒരു അന്വേഷണ ഏജന്‍സിയുമല്ല ആര്‍ഷോ ഫോറന്‍സിക് വിദഗ്ദനുമല്ല. സ്വാഭാവികമായും സംഭവിച്ചു പോകുന്ന ഒരു പിഴവ് അതാണ് എസ്.എഫ്.ഐ നേതൃത്വത്തിനു പറ്റിയിരിക്കുന്നത്. അതിനു ഇത്രമാത്രം വേട്ടയാടേണ്ട കാര്യമുണ്ടായിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ നിഖില്‍ തോമസിന്റെ വിഷയത്തില്‍ വലിയ ഉത്തരവാദിത്വമുള്ളതു കേരള സര്‍വ്വകലാശാലക്കാണ്. നിഖില്‍ തോമസ് സമര്‍പ്പിച്ച കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് കേരള സര്‍വകലാശാല എലിജബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അതു വ്യാജ സര്‍ട്ടിഫിക്കറ്റാണു എന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം എങ്ങനെയാണ് എസ്.എഫ്.ഐയുടെ തലയില്‍ വരുന്നത് ? തങ്ങളുടെ പ്രവര്‍ത്തകനെ വിശ്വസിച്ചു പോയി എന്നതു മാത്രമാണ് എസ്.എഫ്.ഐ നേതൃത്വം ചെയ്ത തെറ്റ്. കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ നിഖില്‍ തോമസിനെതിരെ സംഘടനാപരമായ നടപടികളും എസ്.എഫ്.ഐ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടന ചെയ്യേണ്ടത് എന്നത് വിമര്‍ശകര്‍ തുറന്നു പറയണം.

ഒരു വ്യക്തി ഭാവിയില്‍ എന്തു ചെയ്യുമെന്നു വിലയിരുത്തി ഒരു സംഘടനയിലും അംഗത്വം കൊടുക്കാന്‍ കഴിയുകയില്ല. തിരിച്ചറിഞ്ഞാല്‍ നടപടി എടുക്കുക മാത്രമാണ് പോംവഴി. അതിവിടെ എസ്.എഫ്.ഐ എടുത്തിട്ടുമുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും മാധ്യമങ്ങളും പ്രതിപക്ഷ സംഘടനകളും തൃപ്തരല്ല. അവര്‍ ഇപ്പോഴും എസ്.എഫ്.ഐക്ക് എതിരെ പ്രചരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്വന്തം ‘മുഖം’ കണ്ണാടിയില്‍ നോക്കാതെയുള്ള പ്രചരണമാണിത്. ‘ചുവപ്പു കണ്ട കാളയുടെ അവസ്ഥ’ എന്നു പറഞ്ഞാലും അത് അധികമാവുകയില്ല.

മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഉയരത്തില്‍ എസ്.എഫ്.ഐ ഇന്നും തുടരുന്നത് ആ വിദ്യാര്‍ഥി സംഘടനയോട് വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസം കൊണ്ടാണ്. കേരളത്തിലെ മുഴുവന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയനുകളും ബഹു ഭൂരിപക്ഷം വരുന്ന കാമ്പസുകളും വലിയ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐ ഭരിക്കുന്നത്. ഈ വിവാദമൊക്കെ ഉണ്ടായിട്ടും ജൂണ്‍ 21നു നടന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പിലും മുഴുവന്‍ സീറ്റും വന്‍ ഭൂരിപക്ഷത്തിനാണ് എസ്.എഫ്.ഐ തൂത്തു വാരിയിരിക്കുന്നത്. അതാണ് എസ്.എഫ്.ഐ. ഈ വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയെ ഒരു വികാരമായി കാണുന്ന ലക്ഷക്കണക്കിന് ആളുകളുള്ള സംസ്ഥാനമാണ് കേരളം. അതും നാം മനസ്സിലാക്കേണ്ടതുണ്ട്.

സി.പി.എമ്മിനെ കടന്നാക്രമിക്കുന്ന കടുത്ത കമ്യൂണിസ്റ്റു വിരുദ്ധരുടെ വീടുകളില്‍ നിന്നു പോലും എസ്.എഫ്.ഐയുടെ കൊടി പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാവുന്നത് ആ പ്രസ്ഥാനത്തില്‍ അത്രമാത്രം അവര്‍ക്ക് വിശ്വാസമുള്ളതു കൊണ്ടാണ്. എന്തിനേറെ എസ്.എഫ്.ഐ വിരുദ്ധത വിളമ്പുന്ന വാര്‍ത്താ ചാനലുകളിലെ നല്ലൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും അവരുടെ പഠന കാലയളവില്‍ സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു എന്നതും ഈ ഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്. ജോലി ചെയ്യുന്ന മാനേജുമെന്റിന്റെ നിലപാടിനു അനുസരിച്ച് വാര്‍ത്ത നല്‍കാന്‍ വിധിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ഇതെല്ലാം ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് എസ്.എഫ്.ഐയെ തട്ടിപ്പുകാരുടെ സംഘടനയാക്കി ചിത്രീകരിക്കുന്നതു കൊണ്ടാണ്. കേരളത്തില്‍ മാത്രം 16 ലക്ഷം അംഗങ്ങളുള്ള എസ്.എഫ്.ഐയില്‍ ഒരു വ്യക്തി ചെയ്ത തെറ്റിന് ആ സംഘടനയെ ആകെ കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് ആരായാലും അക്കൂട്ടര്‍ക്ക് പ്രത്യേക അജണ്ടയാണുള്ളത്. നിഖില്‍ തോമസിനു നേരെ ഉയര്‍ന്ന പരാതിക്കു സമാനമായ പരാതി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ പ്രധാന നേതാവിനു നേരെ ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതു അതു കൊണ്ടാണ്. ഇതിനെയൊക്കെയാണു ‘ഇരട്ടതാപ്പ്’ എന്നു വിളിക്കേണ്ടത്.

ഒരു കാലഘട്ടത്തിലും മാധ്യമ പരിലാളന ഏറ്റുവാങ്ങി വളര്‍ന്നു വന്ന സംഘടനയല്ല എസ്.എഫ്.ഐ. അടിയന്തരാവസ്ഥക്കാലത്തെ ത്യാഗപൂര്‍ണവും സാഹസികവുമായ ചെറുത്തുനില്‍പ്പുകള്‍ അതില്‍ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം ഇന്നു അനുഭവിക്കുന്ന പല അവകാശങ്ങളുടെയും നേട്ടത്തിന്റെയും പിന്നില്‍ എസ്.എഫ് ഐ എന്ന സംഘടന ചോരകൊണ്ടു എഴുതിയ ഒരു സമരചരിത്രമുണ്ട്. കെ.എസ്.യുവിനും എം.എസ്.എഫിനും ഒന്നും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ചരിത്രമാണത്.

എതിരാളികളുടെ കൊടിയ ആക്രമണങ്ങള്‍ മൂലം കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ എണ്ണം മുപ്പത്തിയഞ്ചാണ്. കേരളത്തിലെ മാത്രം കണക്കാണിത്. എതിരാളികള്‍ എത്രമാത്രം എസ്.എഫ്.ഐയെ ഭയപ്പെടുന്നു എന്നതു അവരുടെ കടന്നാക്രമണത്തില്‍ നിന്നു തന്നെ വ്യക്തമാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹിയാക്കിയിരിക്കുന്നത്. വല്ലാത്തൊരു ഗതികേടു തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top