വാര്‍ത്താ ശേഖരണത്തിന്റെ രീതികള്‍ മാറുന്നു; ഇന്ത്യന്‍ മാധ്യമങ്ങളുടെ എളുപ്പവഴികള്‍

മാധ്യമ റിപ്പോര്‍ട്ടുകളെക്കാള്‍ മാധ്യമ പ്രവര്‍ത്തകരുടെ അനുഭവങ്ങളാണ് യുദ്ധതീവ്രത പില്‍ക്കാലത്ത് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. എന്നാല്‍, ഇന്ന് ഫീല്‍ഡ് റിപ്പോര്‍ട്ടിംഗിന് മെനക്കെടാന്‍ ആര്‍ക്കും സമയമില്ല എന്നതാണ് ഇന്ത്യന്‍ മീഡിയ നേരിടുന്ന വലിയ പ്രശ്‌നം. സര്‍ക്കാര്‍ വാദങ്ങള്‍ എന്ത് തന്നെ ആയാലും അത് നേരിട്ട് പരിശോധിച്ച് വിലയിരുത്താനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നാണ് ഒരു വിഭാഗം വിലയിരുത്തല്‍. അന്താരാഷ്ട്ര രംഗത്തെ പ്രഗത്ഭരായ യുദ്ധ ലേഖകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഏറെ പിറകിലാണ്. വലിയ പ്രശ്‌നങ്ങളില്ലാത്ത അപകടമില്ലാത്ത സര്‍ക്കാര്‍ പത്രക്കുറിപ്പുകളിലാണ് ഇന്ത്യന്‍ മാധ്യമ രംഗത്തിന്റെ ഭാവി എന്ന പറയാതെ വയ്യ. എന്നാല്‍ ചരിത്രം അതല്ല. വാര്‍ത്തകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോയിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.

യുദ്ധ റിപ്പോര്‍ട്ടുകളുടെ ഏറ്റവും വലിയ അനുഭവങ്ങള്‍ കണ്ടത് 1987ലെ ശ്രീലങ്കയിലാണ്. ദ ടെലഗ്രാഫിലെ സുമിര്‍ ലാല്‍, ഫോട്ടോഗ്രാഫര്‍ ശ്യാം തെക്വാനിയോടൊപ്പം മലയാളി അനിതാ പ്രതാപ് എന്നിവര്‍ എല്‍ടിടിയുടെ ഉള്ളറകളിലേയ്ക്ക് സധൈര്യം കടന്നു ചെന്നവരാണ്. ശ്രീലങ്കന്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളെ ചോദ്യം ചെയ്യാനും ആവര്‍ത്തിച്ച് വിലയിരുത്താനും കെല്‍പ്പുള്ള മാധ്യമ പ്രവര്‍ത്തകരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അന്നും പ്രതിരോധ വകുപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും മാധ്യമരംഗത്ത് നിലനിന്നിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം പുറത്തു വന്നാല്‍ മതി എന്ന നിലപാട് തന്നെയായിരുന്നു അന്നത്തേതും. പലരും അതിനെ മറികടക്കാനും വിവേകത്തോടെ സത്യത്തെ പുറത്തു കൊണ്ടുവരാനും ശ്രമിച്ചിരുന്നു എന്നതാണ് ചരിത്രം.

ഇന്നത്തെ കാര്യം പരിശോധിച്ചാല്‍, കയ്യില്‍ കിട്ടുന്നതെല്ലാം വിശദമായ പരിശോധനകളില്ലാതെ കാടടച്ച് വെടിവയ്ക്കുന്ന തരത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു എന്നതില്‍ സംശയമില്ല. ബാലക്കോട്ട് ആക്രമണത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ഇപ്പോള്‍ അവ്യക്തതകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു എന്നതാണ് ഇന്ത്യന്‍ മാധ്യമ രംഗത്തിന്റെ അപമാനകരമായ അവസ്ഥ. ഇന്ത്യന്‍ സൈന്യത്തെപ്പോലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, കാര്യമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലാതെ റിപ്പോര്‍ട്ട് ചുരുക്കേണ്ടി വന്നു എന്നതാണ് അതിലേറെ നിര്‍ഭാഗ്യകരം.

1980കളില്‍ ഇന്ത്യ ടുഡേയും സണ്‍ഡേയും എല്ലാം തങ്ങളുടെ ലേഖകന്മാരെ സംഭവ സ്ഥലത്തേയ്ക്ക് അയച്ച് നേരിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ജാഗ്രത കാണിച്ചിരുന്നു. വസ്തുതാപരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകകളായിരുന്നു അവ. രണ്ടാം ഗള്‍ഫ് യുദ്ധത്തിലും സമാന രീതിയിലുള്ള ഇടപെടലുകള്‍ മാധ്യമങ്ങള്‍ നടത്തി. കാര്‍ഗിലാണ് ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടിംഗ് രീതികള്‍ക്ക് മാറ്റം കൊണ്ടുവന്ന ഒരു സംഭവം. ശ്രീനഗര്‍ വഴി കാര്‍ഗിലിലേയ്ക്ക് പോകുന്നത് അപകടകരമായിരുന്നത് കൊണ്ട് പരിമിതികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചു. സര്‍ക്കാര്‍ മാധ്യമങ്ങളുടെ കൂടെ അവര്‍ ജോലി ചെയ്തു.

യുദ്ധങ്ങളും രാജ്യാന്തര കലഹങ്ങളും ദേശീയതയെയും ദേശസ്‌നേഹത്തെയും ഉണര്‍ത്തുന്ന സമയമാണ്. മാധ്യമ റിപ്പോര്‍ട്ടുകളിലും അത് തെളിഞ്ഞു നില്‍ക്കും. ഇന്ത്യയിലും അത് തന്നെയാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. എല്ലാത്തിലും സംശയാസ്പദമായ കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് വികലമായ വാര്‍ത്താ അവതരണമാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. മാധ്യമങ്ങള്‍ അതില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി വിവേകത്തോടെ വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട സമയമാണ് ഇപ്പോഴുള്ളത്.

Top