സി.പി.എം സെക്രട്ടറിയേറ്റിൽ നടക്കാത്തത് റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾ, സി.പി.എം രംഗത്ത് വന്നതോടെ ഒടുവിൽ നാണംകെട്ടു

നുണവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമങ്ങളുടെ മുഖത്തേക്ക് ഒന്നാന്തരം ഒരു പ്രഹരമാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്നെന്ന കള്ളവാര്‍ത്തക്കെതിരെയാണ് റിയാസ് ആഞ്ഞടിച്ചിരിക്കുന്നത്. മന്ത്രിക്കെതിരെ പുറത്തു വന്ന വാര്‍ത്ത അസംബന്ധ വാര്‍ത്തയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയത് ചൂണ്ടികാട്ടിയാണ് മാധ്യമങ്ങളെ റിയാസ് കടന്നാക്രമിച്ചിരിക്കുന്നത്. ‘കസേരയെടുത്ത് പൊക്കി തന്നെ അടിച്ചെന്നും എന്നിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടെന്നുമുള്ള തരത്തില്‍ കുറച്ചു കൂടി കളര്‍ഫുള്‍ ആയി വാര്‍ത്ത കൊടുക്കാമായിരുന്നുവെന്നുമാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. ഇതോടെ വാര്‍ത്തയ്ക്ക് പിന്നില്‍ തിരക്കഥ തയ്യാറാക്കിയവരും നല്‍കിയവരുമെല്ലാം നാണംകെട്ടിരിക്കുകയാണ്.

റിയാസ് മന്ത്രി ആയതു മുതല്‍ അദ്ദേഹത്തെ മനപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്ന തരത്തിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കി വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭര്‍ത്താവാണ് എന്ന ഒറ്റകാരണത്താല്‍ പകയോട് കൂടി പെരുമാറുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഒരു വാര്‍ത്ത ലഭിച്ചാല്‍ അതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കാതെ എടുത്തിട്ട് അലക്കുന്ന സോഷ്യല്‍ മീഡിയകളിലെ രാഷ്ട്രീയ എതിരാളികളും വ്യാജ വാര്‍ത്തകള്‍ മുന്‍ നിര്‍ത്തി റിയാസിനെ കടന്നാക്രമിക്കുന്നതും സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. സി.പി.എം നേതൃത്വവും ഈ നീക്കത്തെ ഗൗരവമായാണ് നോക്കി കാണുന്നത്.

സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന സംഭവമെന്ന നിലയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവര്‍ ആ യോഗത്തില്‍ പങ്കെടുത്തവരാണെന്ന മട്ടിലാണ്. അത്രയ്ക്കും ആധികാരികമായാണ് റിയാസിനെ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിട്ടിരിക്കുന്നത്. ഈ വാര്‍ത്തയ്ക്ക് പക്ഷേ അല്പായുസ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മറുപടിയോടെ തന്നെ വാര്‍ത്തയുടെ മുന ഉടഞ്ഞു കഴിഞ്ഞു. റിയാസിന്റെ പ്രതികരണം കൂടി വന്നതോടെ കള്ളവാര്‍ത്ത നല്‍കിയവരോട് ചില മാനേജുമെന്റുകളെങ്കിലും വിശദീകരണം ചോദിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ഒരു മുഖ്യധാരാ ചാനലിലെ റിപ്പോര്‍ട്ടര്‍ക്ക് എന്തു തോന്നിയാലും അത് വാര്‍ത്തയാക്കിയാല്‍ മറ്റു മാധ്യമങ്ങളും അത് പിന്തുടരുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന രീതി. ഇത് അപകടകരമായ രീതി തന്നെയാണ്. വാര്‍ത്ത നല്‍കുന്നവന്‍ അവന്റെ വ്യക്തിപരമായ താല്‍പ്പര്യം കൂടി മുന്‍ നിര്‍ത്തിയാണ് വാര്‍ത്തകള്‍ തയ്യാറാക്കുന്നത്. സോഴ്‌സ് വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ലാത്തതിനാല്‍ ഇത് മറ്റു തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ പബ്ലിഷ് ചെയ്യാനും സാധിക്കും. മാധ്യമ രംഗത്തെ കിടാമത്സരം ശക്തമായതിനാല്‍ കിട്ടുന്നത് എന്തും ആദ്യം വാര്‍ത്തയാക്കുക എന്നതും പുതിയ കാലത്തെ മാധ്യമ ശൈലിയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് ഉള്ളവരായതിനാല്‍ ഇടതു വിരുദ്ധ വാര്‍ത്തകള്‍ക്കാണ് പ്രധാനമായും ഇവര്‍ മുന്‍ഗണന നല്‍കുന്നത്.

ഈ സാഹചര്യം മുതലാക്കി ഇടതുപക്ഷ വിരുദ്ധരും വ്യാപകമായി മുതലെടുപ്പ് നടത്തി വരുന്നുണ്ട്. വ്യാജ വാര്‍ത്തകളുടെ പ്രളയം സംഭവിക്കുന്നതും ചാനല്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നതും ഇങ്ങനെയൊക്കെ ആണ്. ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. അതെന്തായാലും പറയാതെ വയ്യ. കേരളത്തിലെ ഇടതുപക്ഷത്തെ മാധ്യമങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നതു പോലെ രാജ്യത്തെ മറ്റൊരുപാര്‍ട്ടിയും അതിന്റെ നേതാക്കളും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

പരസ്പരം പോരടിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ പൊതുശത്രു ഇടതുപക്ഷവും പിണറായി സര്‍ക്കാറുമാണ് വൈകിയാണെങ്കിലും അടുത്തകാലത്ത് ജനങ്ങള്‍ക്കും അത് ബോധ്യമായി കഴിഞ്ഞിട്ടുണ്ട്. മാധ്യമ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നു എങ്കില്‍ ഒരിക്കലും ഇവിടെ ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച സംഭവിക്കുമായിരുന്നില്ല. പ്രതിപക്ഷത്തിനു മാത്രമല്ല മാധ്യമങ്ങള്‍ക്ക് കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അതു പോലെ തന്നെയാണ് ഇനിയും സംഭവിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രിയെയും റിയാസ് ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും കടന്നാക്രമിച്ച് മുന്നോട്ടു പോകുന്ന മാധ്യമങ്ങള്‍ക്ക് ലോകസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോട അടുത്ത പ്രഹരവും ലഭിക്കാനാണ് സാധ്യത. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യവും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

EXPRESS KERALA VIEW

Top