വിവാദങ്ങളിൽ മാധ്യമ ‘രാഷ്ട്രീയവും’ ചുവപ്പിനെ ഒതുക്കാൻ സംഘടിത നീക്കം

മാധ്യമങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. അന്നും ഇന്നും കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് വലതുപക്ഷ ശക്തികളാണ്. വാര്‍ത്തകളിലെ രാഷ്ട്രീയ താല്‍പ്പര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അതിനു മാത്രമേ സമയമുണ്ടാവുകയൊള്ളൂ. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന പ്രചരണങ്ങളിലും മാധ്യമ അജണ്ട പ്രകടമാണ്. രണ്ട് വെളിപ്പെടുത്തലുകളോട് കുത്തക മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ തന്നെ വ്യത്യസ്തമാണ്.

ആര്‍.എസ്.എസ് മുഖപത്രത്തിന്റെ മുന്‍ പത്രാധിപര്‍ ആര്‍ ബാലശങ്കര്‍ ഉന്നയിച്ച ആരോപണത്തെ മഹാ സംഭവമാക്കുന്ന മാധ്യമങ്ങള്‍ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ നിന്നു തന്നെ മാധ്യമ അജണ്ടയും വ്യക്തമാണ്. ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവരില്‍ ഈ വിഭാഗവുമുണ്ട്. അതാകട്ടെ വ്യക്തവുമാണ്. നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന വാക്കിന്റെ പ്രസക്തി തന്നെയാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചിട്ടുണ്ടെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ മുഖ്യഎതിരാളി സിപിഎം ആണെന്നും ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ അനുമതിയോടെ ഉണ്ടാക്കിയ സഖ്യം ബിജെപിക്ക് നേട്ടമായെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആര്‍ ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും ആരോ പറയുന്നത് ബാലശങ്കര്‍ ഏറ്റുപറയുകയാണെന്നും ഒ രാജഗോപാല്‍ പറയുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചയാക്കാതെ ഒതുക്കി കളയുകയാണ് മാധ്യമ മുത്തശ്ശിമാര്‍ ഉള്‍പ്പെടെ നിലവില്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസുമായും മുസ്ലിംലീഗുമായും നേരത്തെ പ്രാദേശിക തലത്തിലാണ് ബിജെപി ധാരണയുണ്ടാക്കിയതെന്നും മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടു കൂടാന്‍ ഇത് കാരണമായതായും രാജഗോപാല്‍ വിശദീകരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കണം എന്ന ഒറ്റ വാശിയിലാണ് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസുമായി വടക്കന്‍ കേരളത്തിലായിരുന്നു പ്രധാന സഖ്യമുണ്ടായിരുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടിവരുമെന്നും ഇത് നേതൃതലത്തില്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നും ജനങ്ങളോട് പറയേണ്ടതില്ലെന്നതുമാണ് ഈ ബി.ജെ.പി നേതാവിന്റെ നിലപാട്.

1991ലെ തെരഞ്ഞെടുപ്പിലാണ് കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം അരങ്ങേറിയിരുന്നത്. ഇത് പില്‍ക്കാലത്ത് കോലീബി സഖ്യമന്നാണ് അറിയപ്പെട്ടിരുന്നത്. സി പിഎം 91 ല്‍ തന്നെ അവിശുദ്ധ സഖ്യം ചൂണ്ടിക്കാട്ടിയെങ്കിലും കോണ്‍ഗ്രസ്, ലീഗ്, ബിജെപി നേതൃത്വങ്ങള്‍, ഇക്കാര്യം നിഷേധിച്ചാണ് രംഗത്തു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ അണിയറയില്‍ നടന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥിരീകരിച്ചിരിക്കുകയാണ്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വെളിപ്പെടുത്തല്‍ തന്നെയാണിത്. ബാലശങ്കറിന്റെ ആരോപണത്തെ പിന്താങ്ങി രംഗത്തുവന്ന യു.ഡി.എഫ് നേതൃത്വത്തിനുള്ള അപ്രതീക്ഷിത തിരിച്ചടികൂടിയാണിത്.

കേരളത്തില്‍ കോണ്‍ഗ്രസ് — ബിജെപി വോട്ട് കൈമാറ്റ കരാറുണ്ടായിരുന്നു എന്ന് മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ ജി മാരാരുടെ ജീവചരിത്രത്തിലും വ്യക്തമാക്കിയിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം ഈ വാദം അന്നു തള്ളിക്കളയുകയാണ് ചെയ്തിരുന്നത്. ആ മുന്‍ നിലപാടാണ് രാജഗോപാല്‍ തന്നെ ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ബി.ജെ.പിയെ മാത്രമല്ല യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണിത്. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎം – ബിജെപി ഡീല്‍ ആണെന്ന ആര്‍ ബാലശങ്കറിന്റെ ആരോപണത്തിന്റെ മുനയും രാജഗോപാലിന്റെ പ്രതികരണത്തോടെ ഒടിഞ്ഞിട്ടുണ്ട്. സീറ്റു കിട്ടാത്തതിലെ നിരാശയില്‍ നിന്നാണ് ഇത്തരമൊരു പ്രസ്താവന ബാലശങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് രാജഗോപാല്‍ കരുതുന്നത്.

എന്നാല്‍ ബാലശങ്കറിന്റെ ആരോപണത്തിനു പിന്നിലും അതേറ്റെടുത്ത് പി.പി മുകുന്ദന്‍ രംഗത്ത് വന്നതിന് പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് ഇടതുപക്ഷം സംശയിക്കുന്നത്. ഇരുവര്‍ക്കും ചില കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള അടുത്ത ബന്ധവും പരിവാറിലെ നിലവിലെ ചേരിപ്പോരും സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഈ വാദം കേള്‍ക്കാത്ത മട്ടിലാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ മുന്നോട്ട് പോകുന്നത്. അവരും അവരുടെ അജണ്ടകള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

 

Top