മീഡിയ വണ്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു

ഡല്‍ഹി: രാജ്യ സുരക്ഷയെ ബാധിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത പരിശോധിക്കാതെയായിരുന്നു മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവച്ചതെന്ന് ചാനല്‍ ഉടമകള്‍. ഇത്തരം നടപടികള്‍ രാജ്യസുരക്ഷയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് വഴി വയ്ക്കുമെന്ന് വ്യക്തമാക്കി ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംപ്രേഷണ വിലക്ക് സംബന്ധിച്ച ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ചാനല്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

യഥാര്‍ത്ഥ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. കമ്മിറ്റി ഓഫ് ഓഫീസേഴ്‌സിന്റെ യോഗത്തിന്റെ മിനുട്‌സ് പരിശോധിച്ച് ആണോ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചത് എന്ന കാര്യവും വ്യക്തമല്ലെന്നും മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി യാസിന്‍ അഷറഫ് കല്ലിങ്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സംപ്രേഷണ വിലക്കിന് ആധാരമായ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ തങ്ങള്‍ക്ക് കൈമാറാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ചാനലിന്റെ ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോഴാണ് സുരക്ഷാ ക്ലിയറന്‍സ് വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ലൈസെന്‍സ് പുതുക്കുമ്പോള്‍ സുരക്ഷാ ക്ലിയറന്‍സ് വേണമെന്ന് ചട്ടത്തില്‍ നിഷ്‌കര്ഷിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് പത്താം തീയതി പരിഗണിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിന് സുരക്ഷ ക്ലിയറന്‍സ് നിഷേധിച്ചതെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ല. കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Top