മാധ്യമവ്യവസായ ഭീമന്‍ റുപെര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു

മാധ്യമവ്യവസായ ഭീമന്‍ റുപെര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെര്‍ട്ടിന്റെ വിവാഹ നിശ്ചയം കഴിയുന്നത്. മോളിക്യൂലാര്‍ ബയോളജിസ്റ്റാണ് എലീന സുക്കോവ. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.കഴിഞ്ഞ ഏപ്രിലില്‍ കാമുകിയായിരുന്ന 66കാരി ആന്‍ ഡെസ്ലി സ്മിതുമായി മര്‍ഡോക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹിതരാകുന്നു എന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിടും മുന്‍പ് തന്നെ ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് ആ വിവാഹ നിശ്ചയത്തില്‍ നിന്ന് റൂപ്പര്‍ട്ട് പിന്മാറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഫോക്‌സ് ന്യൂസ് ചാനലും വാള്‍സ്ട്രീറ്റ് ജേര്‍ണലുമുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്‌സ് കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനായിരുന്നു മര്‍ഡോക്. അഞ്ച് മാസം മുന്‍പാണ് ഫോക്സ് ന്യൂസ് സ്ഥാപകനായ റുപെര്‍ട്ട് മര്‍ഡോക്ക് ഫോക്സിന്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോര്‍പ്പറേഷന്‍ മീഡിയ ഹോള്‍ഡിംഗുകളുടെയും തലവന്‍ സ്ഥാനമൊഴിയുകാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നാലെയാണ് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.

2022 ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. എയര്‍ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ മര്‍ഡോക്കിന് ഒരു മകളുണ്ട്. ശേഷം സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്യുകയായിരുന്നു. 1999ല്‍ തന്നെ ഇരുവരും വിവാഹമോചനം നേടി പിരിഞ്ഞു. ഇതില്‍ മൂന്ന് മക്കളാണ് മര്‍ഡോക്കിനുള്ളത്. മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങുമായുള്ള ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡെങ് വഴിയാണ് റുപെര്‍ട്ടും എലീനയും പരിചയപ്പെട്ടുന്നത്. 14 വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2013ലാണ് മര്‍ഡോക്കും വെന്‍ഡി ഡെങ്ങും വേര്‍പിരിയുന്നത്. ലോസ് ആഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലുള്ള മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലായിരുന്നു എലീന ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നത്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്, ഡാഷ സുക്കോവ. റഷ്യന്‍ – അമേരിക്കന്‍ വംശജയായ ഡാഷ ആര്‍ട്ട് കളക്ടറാണ്.

Top