മാധ്യമ ക്രിമിനലുകളെ നാട്ടുകാർ കൈകാര്യം ചെയ്യണം : മാധ്യമ പ്രവർത്തകന്റെ ആഹ്വാനം

കോഴിക്കോട്: പത്രപ്രവര്‍ത്തക സമ്മേളനത്തിലെ തമ്മിലടിയെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

സംസ്ഥാന നേതൃത്വത്തെ അനുകൂലിച്ചും വിമര്‍ശിച്ചും പത്രപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും രൂക്ഷമായ ചേരിപ്പോരാണ് നടക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മദ്യസല്‍ക്കാരം അടക്കമുള്ളവയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

സഹിക്കാവുന്നതിലും അപ്പുറമാണ് ഈ അനുഭവമെന്ന് പറഞ്ഞ് മീഡിയ വണ്‍ ലേഖകന്‍ വി.കെ പ്രതാപ് കോഴിക്കോട് പ്രസ്‌ക്ലബിലെ പത്രപ്രവര്‍ത്തകരുടെ ഗ്രൂപ്പിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ രണ്ടുദിവസവും പൂര്‍ണമായി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഏറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിനിധിയായി മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു.

ജീവിതത്തിലെ ദുരനുഭവങ്ങളില്‍ ഒന്നായിരുന്നു, മലപ്പുറം സമ്മേളനത്തിലെ രണ്ടാം ദിനം. പ്രത്യേകിച്ചും ഉച്ചയ്ക്കുശേഷമുള്ള സെഷന്‍. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറിക്ക് മറുപടി പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത സ്ഥിതി കണ്ട് ലജ്ജിക്കേണ്ടിവന്നു. തീരുമാനിച്ചുറപ്പിച്ച വിധം ചിലര്‍ ചേര്‍ന്ന് സമ്മേളന നടപടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. സ്റ്റേജിലേക്ക് ചാടിക്കയറിയ ചില വേന്ദ്രന്മാര്‍ സമ്മേളനാധ്യക്ഷനായ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ക്കയില്‍നിന്ന് മൈക്ക് തട്ടിപ്പറിക്കാനും നോക്കി. അതിലൊരാള്‍ ഡയസില്‍ കയറി മൈക്കില്‍ പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഉന്തും തള്ളും പിടിവലിയും നടന്നപ്പോള്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞു. ആദ്യദിവസം തന്നെ കലാപത്തിന് വഴിമരുന്നിട്ട മംഗളം പത്രത്തിലെ ഒരു മാന്യന്‍, തന്റെ വിലപിടിപ്പുള്ള കണ്ണട പൊട്ടിപ്പോയെന്ന് സങ്കടം പറഞ്ഞത് എന്റെ അരികില്‍ നിന്നായിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ടവരെപ്പോലെയായിരുന്നു പലരുടേയും പെരുമാറ്റം. കേരളത്തിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ ദേശാഭിമാനിയിലെ ഒരു മാന്യനാണ് ജനറല്‍ സെക്രട്ടറി സി നാരായണനെതിരെ ആക്രോശവുമായി ആദ്യം സ്റ്റേജിലേക്ക് പാഞ്ഞുകയറിയത്. തങ്ങള്‍ക്കിഷ്ടപ്പെട്ട വിധത്തില്‍ മറുപടി കിട്ടാഞ്ഞതാണ് ഈ ക്രിമിനലുകളെ പ്രകോപിപ്പിച്ചത്. എന്തും സംഭവിക്കാവുന്ന ഘട്ടമായപ്പോള്‍ സമ്മേളനാധ്യക്ഷന് സമ്മേളന നടപടികള്‍ അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കേണ്ടിയും വന്നു.

വലിയ അടിപിടിയില്‍ കലാശിക്കാഞ്ഞത്, സമാധാനപ്രിയരായ ചിലരുടെ സമയോചിതമായ ബലപ്രയോഗത്താലായിരുന്നു. ചുരുക്കത്തില്‍ വൃത്തികെട്ട രീതിയിലായിരുന്നു പല മുതിര്‍ന്ന പ്രതിനിധികളുടേയും പെരുമാറ്റം. വനിതകളുള്‍പ്പെടെയുള്ള പ്രതിനിധികള്‍ കേള്‍ക്കെ കേട്ടാലറക്കുന്ന തെറിയും ഈ മാന്യന്മാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. തര്‍ക്കം ഒന്നടങ്ങിയതോടെ മൈക്കിനു മുന്നിലെത്തിയ പ്രമേയകമ്മിറ്റി അംഗം കോഴിക്കോടുനിന്നുള്ള സോഫിയ ബിന്ദ് ഈ നടപടിക്കെതിരെ മൈക്കിലൂടെ പ്രതിഷേധിച്ചപ്പോള്‍ അവര്‍ക്കെതിരെയും ആക്രോശിക്കുന്നവരെ കാണാനായി.

അഭിഭാഷകര്‍ മാത്രമല്ല, നാട്ടുകാരാകെ സമ്മേളനവേദികളിലേക്ക് കടന്നുവന്ന് ഈ ക്രിമിനലുകളെ നിലക്കുനിര്‍ത്തുന്ന കാലം വിദൂരമല്ല.

എതായാലും ഇന്നു നടക്കുന്ന വിധത്തില്‍ ഇനി സംസ്ഥാന സമ്മേളനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് ഇന്നലെയുണ്ടായ അനുഭവത്തില്‍നിന്ന് സംഘടനാ നേതാക്കള്‍ മനസ്സിലാക്കണം. കണ്ട ക്രിമിനലുകളെ മുഴുവന്‍ സമ്മേളനത്തിനായി ഒരിടത്ത് വിളിച്ചുവരുത്തി, മൃഷ്ടാന്നം ഭക്ഷണവും മദ്യവും വിളമ്പി, ഇനിയെത്രകാലം ഇങ്ങനെ സമ്മേളനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയും? അടിയന്തരമായി ആലോചിക്കേണ്ട വിഷയമാണിത്.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗൗരവത്തില്‍ നടത്തേണ്ടതായിരിക്കണം സമ്മേളന നടപടികള്‍. മദ്യപന്‍മാര്‍ക്കും
അഴിഞ്ഞാട്ടക്കാര്‍ക്കും ക്രിമിനലുകള്‍ക്കുമായി സംസ്ഥാന തലത്തില്‍ കുടുംബ സംഗമങ്ങളോ അല്ലെങ്കില്‍ മദ്യസല്‍ക്കാരമോ ഫുഡ് ഫെസ്റ്റോ വേറെ നടത്തുന്നതാണ് നല്ലത്.

ഇങ്ങനെയൊരു സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിവന്നതില്‍ ലജ്ജിക്കുന്നു. സമ്മേളന സംഘാടനരീതികള്‍ മാറാത്ത കാലത്തോളം ഇനിയേതായാലും ഈ കാര്‍ണിവലിലേക്ക് ഇല്ലെന്ന് വ്യക്തിപരമായ തീരുമാനം ഞാനെടുത്തുകഴിഞ്ഞു. സഹിക്കാവുന്നതിലുമപ്പുറമാണ് ഈ അനുഭവം.

Top