മാധ്യമനിയന്ത്രണം: ബ്ലാക്മെയിലിങ് തടയാൻ നിയമം, നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മാധ്യമനിയന്ത്രണ ബിൽ കൊണ്ടുവരുന്നത് വാർത്തകളുടെ പേരിലുള്ള ബ്ലാക്മെയിലിങ്ങിന്റെ പേരിലുള്ള നിയമനിർമാണമായി. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പിൽ ബ്ലാക്മെയിലിങ്പോലെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ഐ.പി.സി. ഭേദഗതിചെയ്ത് പുതിയവകുപ്പ് കൂട്ടിച്ചേർക്കണമെന്നാണ് വ്യക്തമാക്കുന്നത്.

അച്ചടി, ഡിജിറ്റൽ എന്നിവയടക്കം ഏതുവിധ മാധ്യമത്തിലൂടെയും അപകീർത്തികരമായ ഉള്ളടക്കമോ, ചിത്രമോ പ്രസിദ്ധീകരിക്കുന്നത് പുതിയനിയമത്തിലൂടെ കുറ്റകരമാകും. ഭരണ നേതൃത്വത്തിലിരിക്കുന്നവർക്കും ബന്ധുക്കൾക്കുംമറ്റുമെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനെതിരേ കേസെടുക്കാനാകും.

വാർത്തയുടെ പേരിൽ പോലീസിന് കേസെടുക്കാൻകഴിയുന്ന സ്ഥിതി വരുമെന്ന് സാരം. സ്വർണക്കടത്ത് കേസിലടക്കം ഭരണകക്ഷി നേതാക്കൾക്കെതിരേ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങൾ കൂടുതലായി ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയുംചെയ്തു.

അപകീർത്തികരമായ ഉള്ളടക്കവും ചിത്രവും നൽകുക, ഇത്തരം മാധ്യമങ്ങൾക്ക് പരസ്യംനൽകുക എന്നിവയും സമാനകുറ്റമായിത്തന്നെ കാണുമെന്ന വ്യവസ്ഥ അവയുടെ സാമ്പത്തിക സ്രോതസ്സും അടയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇരുകുറ്റങ്ങൾക്കും രണ്ടുവർഷം തടവും പിഴയും രണ്ടുംകൂടിയോ ശിക്ഷവിധിക്കാം.

തമിഴ്‌നാട്, ഒഡിഷ സർക്കാരുകൾ സമാന നിയമനിർമാണം നടത്തിയിട്ടുണ്ടെന്നും ബില്ലിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽവന്ന ബിൽ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. നിയമനിർമാണം നടന്നാലും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ നിയമം നിലവിൽവരൂ. മാധ്യമങ്ങളുടെ വായമൂടിക്കെട്ടാൻ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

Top