സമവായ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചര്‍ച്ച ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ബംഗാളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമവായ ചര്‍ച്ചയില്‍ ഡോക്ടര്‍മാരെ ക്ഷണിച്ചിട്ടും ചില നിബന്ധനകള്‍ മുന്നോട്ട് വച്ച ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് തങ്ങള്‍ക്ക് ചര്‍ച്ചക്കായി ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ യോഗത്തില്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു.

സഹപ്രവര്‍ത്തകനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍സമരം നടത്തിയത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിയെ ചികിത്സാ പിഴവ് ആരോപിച്ച് മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുകയാണ്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കരിച്ചു. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക.

Top