media ban-high court- justice kuryan joseph

തിരുവനന്തപുരം: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്.

മാധ്യമങ്ങളെ വിലക്കുന്ന ഇപ്പോഴത്തെ സ്ഥിതി വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.പ്രശ്‌നപരിഹാരത്തിനായി അടിയന്തരമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് മീഡിയ കമ്മറ്റി രൂപീകരിച്ചിരുന്നു. മീഡിയ സെമിനാറും സംഘടിപ്പിച്ചിരുന്നു. അത്തരമൊരുസാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടായതില്‍ സങ്കടമുണ്ടെന്നും അതിനാല്‍ പ്രശ്‌ന പരിഹാരത്തിനായി വീണ്ടും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രശ്‌നം വഷളാകുന്ന തരത്തിലുള്ള നടപടികള്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ചയാണ് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ഭീഷണി ഉണ്ടായത്.

റിപ്പോര്‍ട്ടിങ്ങിനായി ചീഫ് ജസ്റ്റിസിന്റെ കോടതിമുറിയിലെത്തിയ മൂന്ന് വനിതകളുള്‍പ്പെടെ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഒരുകൂട്ടം അഭിഭാഷകര്‍ ഭീഷണിയുമായെത്തിയത്.

കോടതിയില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തുപോയില്ലെങ്കില്‍ തല്ലും എന്നായിരുന്നു ഭീഷണി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി തുടരാനാകാതെ പോലീസ് സംരക്ഷണത്തില്‍ മടങ്ങേണ്ടിവന്നു.

Top