മാധ്യമങ്ങളും സി.പി.ഐ.എമ്മും തുറന്ന പോരിൽ, അന്തംവിട്ട് രാഷ്ട്രീയ കേരളം, വാശിയിൽ നേതാക്കളും

കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇടതുപക്ഷത്തിന് ശക്തമായി എതിരായ അവസ്ഥയാണ് നിലവിലുള്ളത്. മാധ്യമ പരിലാളന ഏറ്റുവാങ്ങിയല്ല സി.പി.എമ്മും അതിന്റെ വർഗ്ഗ ബഹുജന സംഘടനകളും മുന്നോട്ടു പോകുന്നത് എന്നതു ഒരു യാഥാർത്ഥ്യമാണെങ്കിലും മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ ശത്രുതയുടെ ആഴം വളരെ കൂടുതലാണ്. കുത്തക മാധ്യമ മാനേജുമെന്റുകളുടെ ചുവപ്പിനോടുള്ള പക ആ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരിലേക്കും അതിവേഗമാണ് പടർന്നിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ദ്യശ്യ മാധ്യമമായ ഏഷ്യാനെറ്റിനോടുള്ള സി.പി.എം സമീപനവും ആ ചാനലിനു തിരിച്ചുള്ള സമീപനവും കൂടുതൽ വഷളായ അവസ്ഥയാണ് നിലവിലുള്ളത്.

ഏഷ്യാനെറ്റിന്റെ പ്രധാന വാർത്താ അവതാരകനായ വിനു വി ജോൺ സി.പി.എമ്മിനെ സംബന്ധിച്ച് പ്രഖ്യാപിത ശത്രുവാണ്. എളമരം കരീമിനെതിരായ പരാമർശത്തിൽ ഉൾപ്പെടെ വിനു വി ജോണിനെതിരെ ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇതെല്ലാം തന്നെ സി.പി.എമ്മിന്റെ പകപോക്കൽ നടപടിയായാണ് വിനു വി ജോൺ ആരോപിക്കുന്നന്നത്. ഈ മാധ്യമ പ്രവർത്തകൻ നയിക്കുന്ന ചർച്ചയിൽ ഇപ്പോഴും സി.പി.എം പ്രതിനിധികൾ പങ്കെടുക്കാറില്ല. വിനു വി ജോണാകട്ടെ സി.പി.എമ്മിനെതിരെ ലഭിക്കുന്ന ഒരവസരവും ഇപ്പോഴും പാഴാക്കാറുമില്ല. അതായത് വിട്ടുവീഴ്ച രണ്ടു ഭാഗത്തു നിന്നും ഇല്ലന്നതു വ്യക്തം.

ഇതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ചതായ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് എന്നിവരെ പ്രതികളാക്കി കോഴിക്കോട് പൊലീസ് കേസെടുത്തിരുന്നത്. ഇതിനു ശേഷം ഇപ്പോൾ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റിന്റെ മറ്റൊരു റിപ്പോർട്ടറായ അഖില നന്ദകുമാറിനെ പ്രതിയാക്കി കൊച്ചി പൊലീസും കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. “താൻ എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ആർഷോ നൽകിയ പരാതിയിലാണ് അഖില ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ റജിസ്റ്റർ പോലും ചെയ്യാത്ത പരീക്ഷ ജയിച്ചതായുള്ള തെറ്റായ പരീക്ഷാഫലം തയാറാക്കിയെന്നാണ് പ്രിൻസിപ്പൽ വി.എസ് ജോയി, കോഴ്സ് കോ– ഓർഡിനേറ്റർ ഡോ. വിനോദ്കുമാർ എന്നിവരെ പ്രതിയാക്കിയതെങ്കിൽ തെറ്റായ പരീക്ഷാഫലം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നതാണു ഏഷ്യാനെറ്റ് ചീഫ് റിപ്പോർട്ടറുടെ പേരിലുള്ള കുറ്റം. രണ്ടു കെ.എസ്.യു നേതാക്കളും ഈ കേസിൽ പ്രതികളാണ്. വാർത്ത നൽകിയതിന്റെ പേരിൽ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ ഏഷ്യാനെറ്റ് മാനേജുമെന്റും ശക്തമായ പ്രതിഷേധത്തിലാണുള്ളത്.

ഏഷ്യാനെറ്റിന്റെ അവസ്ഥ ഇതാണെങ്കിൽ മലയാളത്തിലെ മറ്റൊരു പ്രധാന മാധ്യമമായ മാതൃഭൂമിയുടെ അവസ്ഥയും വിഭിന്നമല്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തു കേരളത്തില്‍ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടര്‍ന്ന് ലൈവായി സംപ്രേക്ഷണം ചെയ്തതിനു മാതൃഭൂമി ന്യൂസിലെ കണ്ണൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ഫെലിക്സ്, ക്യാമറാമാന്‍ ഷാജു ചന്തപ്പുര, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ സംഭവവും പൊതു സമൂഹത്തിൽ ആദ്യം ചർച്ചയാക്കിയത് “ഏഷ്യാനെറ്റ് ന്യൂസ് അവർ” ആണ്.

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയതാണ് മനോരമയെ സർക്കാറിന്റെയും സി.പി.എമ്മിന്റെയും കണ്ണിലെ കരടാക്കിയിരിക്കുന്നത്. ഈ നടപടി ഞരമ്പുരോഗത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി തന്നെ തുറന്നടിച്ചിരിക്കുന്നത്. മനോരമ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിയ പിണറായി സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നതെന്നും ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ റബറിന്റെ പൈസ കൊണ്ടാണോ എന്ന മറു ചോദ്യമാണ് മനോരമക്കെതിരെ ഉയർത്തിയിരിക്കുന്നത്. തെറ്റായ ആരോപണം ഉന്നയിച്ച് ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം കുളമാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിച്ചെന്നും ഇതിനു വഴിമരുന്നിട്ടത് മനോരമയാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നത്.

ഇതിനെ സാധൂകരിക്കുന്ന പ്രതികരണം തന്നെയാണ് മുഖ്യമന്ത്രിയും ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇതോടെ പരസ്യമായി തന്നെ സി.പി.എം. അണികളും ഏഷ്യാനെറ്റിനും മനോരമയ്ക്കുമെതിരെ സോഷ്യൽ മീഡിയകളിലൂടെ രംഗത്തു വന്നിട്ടുണ്ട്. മാതൃഭൂമി സംഘത്തിനെതിരായ പ്രതിഷേധം അവർ തൽക്കാലം കേസിൽ മാത്രമായാണ് ഒതുക്കിയിരിക്കുന്നതെങ്കിലും ഈ സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകർ കേസെടുത്ത നടപടിയിൽ കട്ട കലിപ്പിലാണുള്ളത്. ഈ വിഷയത്തിൽ മാതൃഭൂമി മാനേജുമെന്റ് കടുത്ത നിലപാട് സ്വീകരിക്കാത്തതിലും അവർക്കിടയിൽ പ്രതിഷേധം ശക്തമാണ്. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ അതൃപ്തി മുതലാക്കാൻ പ്രതിപക്ഷവും തന്ത്രപരമായ സമീപനമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തിനെതിരായ പ്രതിപക്ഷ നീക്കങ്ങൾക്ക് കൂടുതൽ മാധ്യമ പിന്തുണ ലഭ്യമാക്കാനാണ് ശ്രമം. കേരളത്തിൽ നടക്കുന്നത് വലിയ മാധ്യമ വേട്ടയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിച്ചിരിക്കുന്നത്. ഇത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബി.ജെ.പിയും കോൺഗ്രസ്സും ഇതിനകം തന്നെ നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അതേസമയം ഈ പ്രചരണങ്ങൾക്കെതിരെ സി.പി.എം അണികളും പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്. “മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വിലപിക്കുന്നവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയുമായിരിക്കെ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം മോഹൻദാസിനെ അറസ്റ്റ് ചെയ്ത സംഭവം മറക്കരുതെന്നാണ്” അവർ ഓർമ്മപ്പെടുത്തുന്നത്.

ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഉദ്ദ്യോഗസ്ഥൻ നിരന്തരം മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി കൊടുത്ത സംഭവം റിപ്പോർട്ട് ചെയ്തതോടെയാണ് മോഹൻദാസിനെ അന്നു പൊലീസ് പ്രതിചേർത്തിരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥൻ നിരന്തരം ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർ ആരൊക്കെയാണെന്നും ഗൂഢാലോചന എങ്ങനെയായിരുന്നെന്നും ഫോൺ കോൾ രേഖകൾ സഹിതമുള്ള കൃത്യമായ വാർത്ത മോഹൻ ദാസ് നൽകിയിട്ടും കൊയിലാണ്ടി പോലീസ് മോഹൻദാസിനെ അറസ്റ്റ് ചെയ്ത കാര്യവും സി.പി.എം സൈബർ പോരാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് ദേശാഭിമാനി ഒഴികെ ഒരു പത്രത്തിലെ മാധ്യമ പ്രവർത്തകരും പ്രതിഷേധിച്ചില്ലന്നും മാധ്യമസ്വാതന്ത്ര്യം അട്ടത്ത് വെച്ചതായിന്നോ എന്നുമാണ് പരിഹാസം.

ഈ പശ്ചാത്തലത്തിൽ ‘മാധ്യമ വേട്ട’ എന്ന ആരോപണം ഉയർത്തി സർക്കാറിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിക്കുന്നതിനെ പ്രതിരോധിക്കാൻ തന്നെയാണ് സി.പി.എം അനുകൂല മാധ്യമപ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ശക്തമായ നിലപാട് സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയിൽ വിവിധ മാധ്യമ സംഘടനകളും എത്തിച്ചേർന്നിട്ടുണ്ട്. സി.പി.എം. അനുകൂലികളും സി.പി.എം വിരുദ്ധരും എന്ന രൂപത്തിലാണ് മാധ്യമ പ്രവർത്തകരും ചേരി തിരിഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വലതുപക്ഷത്തിനാണ് മാധ്യമ പിന്തുണ അനിവാര്യമെന്നും തങ്ങൾക്ക് അതിന്റെ ആവശ്യമില്ലന്നതുമാണ് സി.പി.എം നിലപാട്.

“SFI വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ മുമ്പും കേസെടുത്തിട്ടുണ്ട്, ഇനിയും എടുക്കുമെന്ന” എം.വി ഗോവിന്ദന്റെ പ്രതികരണത്തിൽ തന്നെ സി.പി.എം. നിലപാടും വ്യക്തമാണ്. മാധ്യമ ലോകത്തെ മാത്രമല്ല പ്രതിപക്ഷ പാർട്ടികളെ പോലും അമ്പരിപ്പിച്ച പ്രതികരണമാണിത് മാധ്യമ പ്രവർത്തകർ കണ്ണുരുട്ടിയാൽ ഭയന്നു പോകുന്ന നേതാക്കളാൽ സമ്പന്നമായ രാജ്യത്ത് ഇത്തരം ഒരു നിലപാടു സ്വീകരിക്കാൻ സി.പി.എമ്മിനല്ലാതെ, മറ്റൊരുപാർട്ടിക്കും കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും തുറന്നു പറഞ്ഞിരിക്കുന്നത്.

EXPRESS KERALA VIEW

Top