സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ നടപടി, തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാന്‍ നടപടി. തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഒപ്പുവച്ചു. തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുക.

പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടിക്കോര്‍പ്പിന് ഇനി കഴിയും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കാനാവും.

അനിയന്ത്രിതമായി പച്ചക്കറി വില കുതിച്ചുയര്‍ന്നതും കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറി എങ്ങുനിന്നും ലഭ്യമാകാതെയും വന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പ് ഇത്തരത്തില്‍ ധാരണക്ക് തയ്യാറായത്. താല്‍ക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ.

കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ സുലഭമാകുന്നതോടെ ഇത്തരം പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നത് കുറവുവരുത്താനാവും. ഇപ്രകാരം പച്ചക്കറികള്‍ സമാഹരിച്ചു തരുന്ന അളവനുസരിച്ച് കിലോയ്ക്ക് ഒരു രൂപ പ്രകാരം കൈകാര്യ ചിലവ് ഹോര്‍ട്ടികോര്‍പ്പ് കൊടുക്കേണ്ടതുണ്ട്.

തലേദിവസം ഹോര്‍ട്ടികോര്‍പ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികള്‍ സമിതി സമാഹരിക്കുകയും ആയതിന്റെ ഗുണനിലവാരം ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി പിറ്റേദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികള്‍ ആദ്യഘട്ടത്തില്‍ കേരള വിപണിയില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

Top