നല്ല മുഖ്യമന്ത്രിയാവാനുള്ള തയ്യാറെടുപ്പില്‍ ഉദ്ധവ്; ‘ശിവ് ഭോജന്‍ താലി’ പദ്ധതി വന്‍ വിജയം

മുബൈ: ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മഹാരാഷ്ട്രയിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. ഇപ്പോള്‍ ഇതാ ശിവസേനയുടെ ജനക്ഷേമ പദ്ധതികളിലൊന്നായ ‘ശിവ് ഭോജന്‍ താലി’ യും ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഈ പദ്ധതിയിലൂടെ 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. ജനുവരി 26ന് ആരംഭിച്ച ‘ശിവ് ഭോജന്‍ താലി’ പദ്ധതിയുടെ ഗുണം 17 ദിവസങ്ങള്‍ക്കുള്ളില്‍ 139 കേന്ദ്രങ്ങളിലായി രണ്ടുലക്ഷത്തിലേറെ ആളുകള്‍ക്ക് ലഭിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

സംസ്ഥാനത്തെ ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിങ്ങനെ സാധാരണക്കാരായ ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ചോറ്, പരിപ്പുകറി, പച്ചക്കറി വിഭവങ്ങള്‍, പായസം എന്നിവയാണ് താലിയിലെ വിഭവങ്ങള്‍ .

ഈ പദ്ധതിയിലൂടെ 2,33,738 ഇതുവരെ ഭക്ഷണം നല്‍കാനായെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവിതരണ കേന്ദ്രത്തിലെ ശുചിത്വവും ഉറപ്പാക്കാനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് എന്നതും പ്രധാനമാണ്. പദ്ധതിയുടെ ആദ്യ ദിവസങ്ങളില്‍ ഉദ്ധവ് താക്കറെ ഉപഭോക്താക്കളുമായി വീഡിയോ കോൺഫറന്‍സിങ് വഴി സംവദിച്ചിരുന്നു.

Top