meal waste wallow in good for sickness says seer in joined with samathwa munnetta yathra

വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്രയുടെ ഉദ്ഘാടന ചടങ്ങിലെ ഉഡുപ്പി പേജാവര്‍ മഠാധിപതിയുടെ സാന്നിധ്യം വിവാദമാകുന്നു. ബ്രാഹ്മണന്‍ ഭക്ഷണം കഴിച്ച എച്ചിലില്‍ കിടന്നുരുളുന്നത് രോഗങ്ങളകറ്റാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന ‘മഡേമഡേ സ്‌നാന’ യെന്ന ചടങ്ങ് നിലനിര്‍ത്തണമെന്ന് വാദിക്കുന്ന സ്വാമിയാണ് പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ.

ആര്‍എസ്എസിന്റെ ചിന്തന്‍ ബൈഠകിന് ഉഡുപ്പിയില്‍ ആതിഥ്യമരുളിയ മുഖ്യസംഘാടകനും തീര്‍ത്ഥയായിരുന്നു. സ്വാമിയുടെ സാന്നിധ്യമിപ്പോള്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇക്കാര്യം രാഷ്ട്രീയ ആയുധമാക്കി ആഞ്ഞടിക്കുന്നത് സിപിഎമ്മും യുവജന വിഭാഗമായ ഡിവൈഎഫ്‌ഐയുമാണ്. പ്രാധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിശ്വേശ്വര തീര്‍ത്ഥയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് യോഗക്ഷേമ സഭയുടെ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെതിരെ സംഘടനയില്‍ തന്നെ കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പ്രസിഡന്റിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളി ഉണ്ടാക്കിയ കെണിയില്‍ വീണു പോയെന്നാണ് ഇവരുടെ ആരോപണം. സംഘടനാ വിരുദ്ധ നിലപാടെടുത്തതിന് കാളിദാസ ഭട്ടതിരിപ്പാടിനെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

അതേസമയം, വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രയിലേക്കും സ്വീകരണ കേന്ദ്രങ്ങളിലേക്കും സമുദായം ഒഴുകിയെത്താത്തത് എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സമുദായം എന്നതിനപ്പുറത്ത് പുതിയ പാര്‍ട്ടിയിലേക്കുള്ള യാത്രയായതു കൊണ്ടാണ് സമുദായ പങ്കാളിത്തം കുറവായതെന്നാണ് നേതൃവിലയിരുത്തല്‍. ഉദ്ഘാടന ചടങ്ങ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രൗഢി വിളിച്ചു പറഞ്ഞില്ലെന്ന വിമര്‍ശനം നേതൃത്വത്തിന് പ്രഹരമായിരുന്നു.

കാസര്‍കോഡ്, ഹോസ്ദുര്‍ഗ്, ഉദുമ,വെള്ളരിക്കുണ്ട് യൂണിയനുകളുടെ ചുമതലയിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 10,000 പേരെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. ഇത്രയും പേരെ പങ്കെടുപ്പിക്കാനുള്ള ശക്തി ഈ യൂണിയനുകള്‍ക്കുണ്ട്. എന്നാല്‍ എത്തിയത് 2500ല്‍ താഴെ പേര്‍ മാത്രമാണ്. സദസിലിരുന്നത് മുഴുവന്‍ സ്ത്രീകള്‍. പുരുഷന്മാര്‍ മുഴുവന്‍ സദസിനു വെളിയില്‍ കേന്ദ്രീകരിച്ചു.

മൈക്രോ ഫിനാന്‍സില്‍ അംഗങ്ങളായ സ്ത്രീകളാണ് സദസ്യരായി വന്നതിലേറെയും പുരുഷന്മാര്‍ പിറകിലേക്കു വലിഞ്ഞതായും നിരീക്ഷിച്ചിട്ടുണ്ട്. മഴസാധ്യത മുന്‍കൂട്ടിക്കണ്ട് വേദിയൊരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ചടങ്ങ് നടക്കുമ്പോള്‍ മഴ വന്നത് പരിപാടിയുടെ പൊലിമ കുറച്ചു. ഹിന്ദുവിശ്വാസ പ്രകാരം മഴ ശുഭകരമെങ്കിലും അത് പ്രത്യക്ഷത്തില്‍ തിരിച്ചടിയായത് സംഘാടകര്‍ക്കാണ്.

കാസര്‍കോട്ട് നടന്ന ചടങ്ങിനു ശേഷം നൂറു കിലോമീറ്റര്‍ അപ്പുറത്ത് തളിപ്പറമ്പിലാണ് സ്വീകരണമൊരുക്കിയത്. തളിപ്പറമ്പിലും ചെറിയ ഓഡിറ്റോറിയത്തില്‍ 1500 താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. ഇത്രയും പേര്‍ പങ്കെടുത്തതില്‍ തന്നെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ജാഥാ ലീഡര്‍.

പുതിയ പാര്‍ട്ടി എന്ന ആശയം ഉള്‍ക്കൊള്ളാന്‍ കഴിയാതെ മതനിരപേക്ഷ ചേരിയിലെ പ്രസ്താനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഈഴവവിഭാഗക്കാര്‍ എസ്എന്‍ഡിപിയുടെ പാര്‍ട്ടിയിലേക്കുള്ള യാത്രയില്‍ നിന്നും പിന്മാറിയതായതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. ജാഥാ കണ്ണൂര്‍ ജില്ല പിന്നിടുമ്പോള്‍ തന്നെ ഒരു വിഭാഗം യോഗം നേതാക്കള്‍ക്ക് വെളിപാടുണ്ടായതായാണ് സൂചന.

Top