MEA denies diplomatic passport to KT Jaleel for Saudi visit; Kummanam statement

തിരുവനന്തപുരം: തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവം ചോദിച്ച് വാങ്ങിയ അപമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേന്ദ്രമന്ത്രി തന്നെ നിലവില്‍ അവിടെ ഉള്ളപ്പോള്‍ പിന്നെന്തിന് സംസ്ഥാന മന്ത്രി പോകണമെന്നും കുമ്മനം ചോദിച്ചു. നയതന്ത്ര പാസ്‌പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പ്പര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലായി.

വെള്ളിയാഴ്ച്ചയാണ് ജലീല്‍ സൗദിയിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. ഇതോടെ ജലീലിന്റെ യാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കെടി ജലീല്‍ പറഞ്ഞുിരുന്നു.

സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ജലീല്‍ നാളെ സൗദിയിലേയ്ക്ക് യാത്ര തിരിക്കാനായിരുന്നു ധാരണ. മന്ത്രിതല സംഘത്തെ സൗദിയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ച ഉടന്‍ തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ക്ലിയറന്‍സ് നല്‍കാനാകില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്.

Top