‘മീ ടു’ : മാധ്യമ രംഗത്തെ ലൈംഗീകാതിക്രമം, ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ഇന്ന് രണ്ട് മണിക്ക് ഡല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബര്‍ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ പശ്ചാതലത്തിലാണ് പ്രതിഷേധം.

അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതുകയായിരുന്നു. ‘മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവര്‍ത്തകയാണ് ഗസാല. എം ജെ അക്ബറിനെതിരെ ആരോപണവുമായി നിരവധി മാധ്യമപ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

Top