മീ ടു ക്യാമ്പെയിന്‍ ക്രിക്കറ്റിലും; പ്രമുഖ താരത്തിനെതിരെ വിമാനജീവനക്കാരി

മുംബൈ: സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും മീ ടൂ ക്യാമ്പെയിന്‍ നടക്കുന്നതിനിടെ പ്രമുഖ ക്രിക്കറ്റ് താരത്തിനെതിരെ ആരോപണവുമായി ഇന്ത്യന്‍ വിമാന ജീവനക്കാരി രംഗത്ത്. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കെതിരെയാണ് വിമാനജീവനക്കാരി രംഗത്തെത്തിയത്.

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കടുത്ത ക്രിക്കറ്റ് ആരാധികയായ സുഹൃത്തിനായി ഓട്ടോഗ്രാഫ് വാങ്ങാനായി ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. അവിടെ എത്തിയപ്പോള്‍ ഏഴോളം താരങ്ങളുണ്ടായിരുന്നു. ഭീതിയിലായ താന്‍ മടങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സുഹൃത്ത് മടങ്ങാന്‍ കൂട്ടാക്കിയില്ല. നീന്തല്‍ കുളത്തിന് സമീപമെത്തിയപ്പോള്‍ രണതുംഗ തന്റെ അരക്കെട്ടില്‍ കയറിപ്പിടിക്കുകയും നെഞ്ചിനരികിലൂടെ വിരലോടിച്ചതായും യുവതി പറഞ്ഞു.

ഭയന്നു ശബ്ദമുയര്‍ത്തിയ താന്‍ പോലീസില്‍ പരാതി പറയുമെന്നും പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തി. ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി സംഭവം അവിടെയുണ്ടായിരുന്നവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്നും യുവതി വ്യക്തമാക്കി.

Top