McLaren reveals £1bn investment plan

അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വില്‍പ്പന മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനാവുമെന്നു ബ്രിട്ടീഷ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവിനു പ്രതീക്ഷ. വലിപ്പം കുറഞ്ഞ ആഡംബര സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള മക്ലാരന്റെ ‘570 ജി ടി’ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഇത്തരം മോഡലുകളുടെ പിന്‍ബലത്തില്‍ 2022 ആകുമ്പോഴേക്ക് വില്‍പ്പന അയ്യായിരത്തിലേറെ യൂണിറ്റിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മൈക്ക് ഫ്‌ളെവിറ്റ്. കഴിഞ്ഞ വര്‍ഷം 1,534 കാറുകളാണു മക്ലാരന്‍ ഓട്ടമോട്ടീവ് വിറ്റത്; 1.20 ലക്ഷം പൗണ്ട്(ഏകദേശം 1.13 കോടി രൂപ) മുതല്‍ എട്ടു ലക്ഷം പൗണ്ട്(ഏകദേശം 7.56 കോടി രൂപ) വരെ വിലമതിക്കുന്ന മോഡലുകളാണു കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. 2010ല്‍ മാത്രമാണ് മക്ലാരന്‍ ഓട്ടമോട്ടീവ് ആഡംബര സ്‌പോര്‍ട്‌സ് കാറുകള്‍ പൊതുവിപണിയില്‍ വില്‍പ്പന തുടങ്ങിയത്.

മോഡല്‍ ശ്രേണി വിപുലീകരിച്ചതാണു വില്‍പ്പന മെച്ചപ്പെടുത്താന്‍ വഴി തുറന്നതെന്നു ഫ്‌ളെവിറ്റ് വിശദീകരിക്കുന്നു. നിലവില്‍ ഏഴു മോഡലുകളാണു കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; ഇതിലെ പുതുമുഖമായ ‘570 ജി ടി’ക്കാവട്ടെ വനിതകളടക്കമുള്ള പുതിയ ഇടപാടുകാരെ കണ്ടെത്താനുള്ള കഴിവുണ്ടെന്നും അദ്ദേഹം കരുതുന്നു. കമ്പനി പിന്തുടരുന്ന ബിസിനസ് മാതൃക പ്രകാരം 4,000 കാര്‍ വില്‍ക്കാന്‍ കഴിഞ്ഞാല്‍ തന്നെ മികച്ച നേട്ടമാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ 2022 ആകുമ്പോഴേക്ക് 4,500 മുതല്‍ 5,000 കാറുകള്‍ വരെ വില്‍ക്കാന്‍ മക്ലാരന്‍ ഓട്ടമോട്ടീവിനു കഴിയുമെന്നാണു പ്രതീക്ഷയെന്നും ഫ്‌ളെവിറ്റ് വ്യക്തമാക്കി. അതേസമയം, കമ്പനിയുടെ വാര്‍ഷിക വില്‍പ്പന അയ്യായിരം യൂണിറ്റിനു മുകളിലെത്താനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം അംഗീകരിക്കുന്നു. ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന മക്ലാരന്‍ ടീമിന്റെ സൗകര്യങ്ങളും വൈദഗ്ധ്യവുമൊക്കെ മക്ലാരന്‍ ഓട്ടമോട്ടീവും പങ്കുവയ്ക്കുന്നു.

ട്രാക്കിലെ പരമ്പരാഗത എതിരാളികളായ ഫെറാരിയും ആസ്റ്റന്‍ മാര്‍ട്ടിനുമൊക്കെ റോഡ് കാറുകളില്‍ പുലര്‍ത്തുന്ന ആധിപത്യം വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടാണു ടീം മക്ലാരന്‍ ഓട്ടമോട്ടീവ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്. അതിനിടെ വിവിധ രാജ്യങ്ങളില്‍ പ്രാബല്യത്തിലുള്ള മലിനീകരണ നിയന്ത്രണ നിബന്ധനകള്‍ കര്‍ശനമാക്കുന്നതു മക്ലാരന്‍ പോലുള്ള ചെറിയ നിര്‍മാതാക്കള്‍ക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും വന്‍കിട ഗ്രൂപ്പുകളുടെ ഭാഗമായി മാറാതെ തന്നെ ഈ വെല്ലുവിളി നേരിടാന്‍ മക്ലാരനു കഴിയുമെന്നാണു കമ്പനിയുടെ ഗ്ലോബല്‍ ഡയറ്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ജോളിയോണ്‍ നാഷിന്റെ പ്രതീക്ഷ.

Top