ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ ജി ടി മോഡലുമായി മക്ലാരൻ

രാജ്യത്ത് പുതിയ ജി ടി മോഡലുമായി മക്ലാരൻ രംഗത്ത്. പുതിയ മോഡലിന്റെ ഡെലിവറി കമ്പനി ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. സ്പോർട്സ് കാറിന്റെ ആദ്യ യൂണിറ്റ് മുംബൈയിലെ ഉടമയ്ക്ക് കൈമാറിയാണ് തുടക്കം. 3.72 കോടി രൂപയാണ് മക്ലാരൻ ജിടിയുടെ എക്‌സ് ഷോറൂം വില. ഗ്ലോസ് ബ്ലാക്ക് വീലുകളും അസോറസ് കാലിപ്പറുകളും മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ആദ്യത്തെ ഷോറൂമും ജി ടി മോഡലിന്റെ ഔദ്യോഗിക ലോഞ്ചും ആഗസ്റ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സൂപ്പർകാർ വില്‍പ്പന രംഗത്തെ പ്രമുഖരായ ഇൻഫിനിറ്റി ഗ്രൂപ്പുമായി ചേർന്നാണ് മക്‌ലാറൻ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മക്‌ലാറന്‍ കാറുകളുടെ വില്‍പ്പനയും സര്‍വീസും കൈകാര്യം ചെയ്യുന്നത് ഇന്‍ഫിനിറ്റി ഗ്രൂപ്പ് ആണ്. ഇന്ത്യയിൽ മുംബൈയിലാണ് ആദ്യത്തെ മക്‌ലാറൻ ഡീലർഷിപ്പ് സ്ഥാപിതമാകുന്നത്. ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് 2021 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.

നിലവിൽ 720S, 720S സ്പൈഡർ, GT എന്നിവയുൾപ്പെടെ മൂന്ന് മോഡലുകൾ ഈ ബ്രിട്ടീഷ് കാര്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. മക്ലാരൻ ജിടിയിലേക്ക് വരുമ്പോൾ, ഗ്രാൻഡ് ടൂററിന് കരുത്തേകുന്നത് 4.0 ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ്, അത് പരമാവധി 612 bhp കരുത്തും 630Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഇത് മോഡലിനെ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ വെറും 3.2 സെക്കൻഡിൽ എത്തിക്കുന്നു.

 

 

Top