2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് എംസിസി

കദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബ്ബ്. അടുത്തിടെ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിര്‍ദേശിച്ചു. ഓരോ ലോകകപ്പിനും തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഒഴികെ ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് എംസിസി നിര്‍ദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകള്‍ വര്‍ധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിര്‍ദേശം. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വര്‍ധിക്കുകയും ആഗോള ക്രിക്കറ്റില്‍ കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിര്‍ത്തുന്നതിനു കൂടുതല്‍ ധനസഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ആഗോളതലത്തില്‍ വനിതാ ക്രിക്കറ്റിനെ എങ്ങനെ വളര്‍ത്താമെന്നും ശക്തിപ്പെടുത്താമെന്നും കമ്മിറ്റി ചര്‍ച്ച ചെയ്തു. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളില്‍ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങള്‍ക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങള്‍ക്കും മാത്രമേ ഐസിസിയില്‍ ഫുള്‍ മെംബര്‍ യോഗ്യത നല്‍കാവൂ എന്ന് എംസിസി നിര്‍ദേശിച്ചു.

Top