എംസി മായിന്‍ ഹാജിക്കെതിരായ പരാതി; സമസ്ത അന്വേഷണ സമിതി യോഗം ചേരുന്നു

മലപ്പുറം: എംസി മായീന്‍ ഹാജിക്കെതിരെയുള്ള പരാതി അന്വേഷിക്കുന്ന സമസ്ത അന്വേഷണ സമിതി യോഗം ചേരുന്നു. ഉമര്‍ ഫൈസിക്കെതിരെ മായീന്‍ ഹാജി യോഗം വിളിച്ചെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. മായീന്‍ ഹാജിയേയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എട്ടംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്.

സമസ്ത കേരള ജംയത്തുള്‍ ഉലമയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ യോഗത്തിലാണ് മായിന്‍ ഹാജിക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്. മുസ്ലീം ലീഗ് നേതാക്കളായ എം.സി.മായിന്‍ ഹാജിയും അബൂബക്കര്‍ ഫൈസി മലയമ്മയും സമസ്തയുടെ കാര്യങ്ങളില്‍ ഇടപെട്ടതിനെ കുറിച്ചാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. കഴിഞ്ഞ മുശാവറ യോഗത്തില്‍ ഇരുവര്‍ക്കുമെതിരെ ആലിക്കുട്ടി മുസ്ലിയാര്‍ കടുത്ത വിമര്‍ശനമാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുശാവറ തീരുമാനിച്ചത്.

സമസ്തയുടെ നിലപാട് സംഘടനയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണെന്നും, മായിന്‍ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ലെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. സമസ്തക്ക് സ്വതന്ത്ര നിലപാടാണ്. മതപരമായ കാര്യങ്ങളില്‍ മുസ്ലീം ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെല്‍ഫെയര്‍ സഖ്യത്തില്‍ മുസ്ലീം ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും അതേസമയം സമസ്തയുടെ കാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. മുസ്ലീം ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്തയുടെ ആളുകളെ സമസ്തയും നിയന്ത്രിക്കുമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top