വൃദ്ധയെ അപമാനിച്ച ആരോപണം; ടി പത്മനാഭന്റെ പ്രസ്താവന വേദനയുണ്ടാക്കിയെന്ന് എം.സി ജോസഫൈന്‍

കൊച്ചി: വൃദ്ധയെ അപമാനിച്ചെന്ന പേരില്‍ തനിക്കെതിരെയുള്ള ആരോപണത്തില്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് ടി.പത്മനാഭന്‍ പ്രസ്താവന നടത്തിയതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അദ്ദേഹത്തിന്റെ പ്രസ്താവന വേദനയുണ്ടാക്കി. വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രശോഭിക്കുന്ന പത്മനാഭനെ പോലുള്ളവര്‍ കാണിക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ജോസഫൈന്‍ പറഞ്ഞു.

താന്‍ ആരാധനയോടെ ഓര്‍ക്കുന്ന ആളാണ് ടി പത്മനാഭന്‍. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് തന്നോട് വിളിച്ചുചോദിച്ച് വസ്തുതകള്‍ മനസിലാക്കാമായിരുന്നു. കേരളത്തില്‍ അദ്ദേഹത്തോളം അറിയപ്പെടുന്ന ആളല്ലെങ്കിലും താനൊരു പൊതുപ്രവര്‍ത്തകയാണെന്നും ജോസഫൈന്‍ പ്രതികരിച്ചു.

ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതിന് വനിതാ കമ്മിഷന്‍ കേസെടുക്കാന്‍ വരെ സാധ്യതയുണ്ടെന്ന് പറഞ്ഞതില്‍ ഖേദമുണ്ട്. വൃദ്ധയെ അപമാനിച്ച സംഭവത്തിലെ പരാതിക്കാരിക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും ജോസഫൈന്‍ പറഞ്ഞു.

 

Top