ജനസംഖ്യയുടെ അടിസ്ഥാനത്തിൽ എംബിബിഎസ് സീറ്റുകൾ; കേരളത്തിന് തിരിച്ചടി

ന്യൂഡൽഹി : ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള ദേശീയ മെഡിക്കൽ കമീഷന്റെ തീരുമാനം കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക്‌ തിരിച്ചടിയാകും. ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക്‌ 100 മെഡിക്കൽ സീറ്റ്‌ മതിയെന്നാണ്‌ ആഗസ്‌ത്‌ 16നുള്ള മെഡിക്കൽ കമീഷൻ വിജ്ഞാപനം. അടുത്ത അക്കാദമിക്‌ വർഷംമുതൽ പുതിയ സീറ്റ്‌ മാനദണ്ഡം നിലവിൽ വരും. പുതിയ മെഡിക്കൽ കോഴ്‌സുകൾ, നിലവിലെ കോഴ്‌സുകളിലെ സീറ്റ്‌ വർധന തുടങ്ങിയവയ്‌ക്കും ഇത്‌ ബാധകമാകും.

കേരളത്തിൽ നിലവിൽ 4655 എംബിബിഎസ്‌ സീറ്റാണുള്ളത്‌. മെഡിക്കൽ കമീഷന്റെ പുതിയ മാനദണ്ഡം പാലിച്ചാൽ കേരളത്തിലെ എംബിബിഎസ്‌ സീറ്റുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. 1155 സീറ്റ്‌ കുറയും. തമിഴ്‌നാട്ടിൽ 11600 എംബിബിഎസ്‌ സീറ്റുള്ളത്‌ 7600 ആയും കർണാടകത്തിലെ 11,695 സീറ്റ്‌ 6700 ആയും കുറയും. ആന്ധ്രയിൽ 6435 എംബിബിഎസ്‌ സീറ്റുള്ളത്‌ 5300 ആയും തെലങ്കാനയിൽ 8540 സീറ്റ്‌ 3700 ആയും കുറയും. തെക്കൻ സംസ്ഥാനങ്ങൾക്ക്‌ പുറമെ ഹിമാചൽ, മണിപ്പുർ, സിക്കിം സംസ്ഥാനങ്ങൾക്കും വിജ്ഞാപനം തിരിച്ചടിയാകും.

പുതിയ മാനദണ്ഡം നിലവിൽ വരുന്നതോടെ പുതിയ മെഡിക്കൽ കോളേജുകൾ കേരളത്തിൽ അസാധ്യമാകും. നിലവിലെ മെഡിക്കൽ കോളേജുകളിലെ സീറ്റ്‌ വർധനയ്‌ക്കുള്ള സാധ്യതയും അടയും. ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിച്ച്‌ നിലവിലെ എംബിബിഎസ്‌ സീറ്റുകൾ കുറയ്‌ക്കുമോ എന്നതിൽ മെഡിക്കൽ കമീഷൻ വ്യക്തത വരുത്തിയിട്ടില്ല. 10 ലക്ഷം ജനസംഖ്യക്ക്‌ 100 എംബിബിഎസ്‌ സീറ്റ്‌ എന്ന നിലയിൽ മെഡിക്കൽ സീറ്റ്‌ ക്രമപ്പെടുത്തുന്നത്‌ എന്തടിസ്ഥാനത്തിലാണെന്ന വിശദീകരണവും നൽകിയിട്ടില്ല.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട്‌ കടുത്ത വിവേചനം കാട്ടുന്ന തീരുമാനത്തിനെതിരായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു. ആരോഗ്യമേഖലയിൽ തെക്കൻ സംസ്ഥാനങ്ങൾ കൈവരിച്ച മുന്നേറ്റത്തെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. പുതിയ മാനദണ്ഡത്തോട്‌ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. കേരളം ജനസംഖ്യാ നിയന്ത്രണത്തിലും മറ്റ്‌ സാമൂഹ്യ സൂചികകളിലും മുന്നേറുമ്പോൾ അക്കാരണത്താൽ സംസ്ഥാനത്തിന്‌ അർഹതപ്പെട്ട വിഹിതം കേന്ദ്ര സർക്കാർ നിഷേധിക്കുന്നത്‌ പതിവാകുകയാണ്‌. സാമ്പത്തിക – വിഭവ വിതരണത്തിൽ കേരളം കടുത്ത അവഗണന നേരിടുന്നതിന്‌ എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ പുതിയ തീരുമാനം.

Top