എംബിബിഎസ് അവസാനവര്‍ഷ പരീക്ഷാ ഫലം പുറത്ത് വന്നപ്പോ തോറ്റത് 374 വിദ്യാര്‍ത്ഥികള്‍

doctors

കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകഴിഞ്ഞ് തിരക്കു പിടിച്ച് മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചപ്പോള്‍ എംബിബിഎസ് അവസാനവര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും മാര്‍ക്കിന്റെ വ്യത്യാസത്തില്‍ തോറ്റത് 374 വിദ്യാര്‍ഥികള്‍.

പേപ്പര്‍ രണ്ടാം ഭാഗത്തിലാണ് ഈ കൂട്ടത്തോല്‍വി. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും 374 വിദ്യാര്‍ഥികള്‍ തോല്‍ക്കുന്ന ഒരു പരീക്ഷാഫലം പുറത്ത് വന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

സാധാരണ രണ്ടാഴ്ച വരെ എടുത്ത് പേപ്പര്‍ നോക്കി ഫലം പ്രഖ്യാപിക്കുന്നിടത്ത് ആറു ദിവസം കൊണ്ടാണ് പേപ്പര്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്നു സര്‍വകലാശാല ചാന്‍സലര്‍, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി അയച്ചെങ്കിലും പരാതി കിട്ടിയെന്നു പോലുമുള്ള മറുപടി ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടികാട്ടുന്നു.

രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളെ സേവന മേഖലയിലേയ്ക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും സംഘടനയായ നിര്‍ണയം മെഡിക്കോസ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ഒരു മാര്‍ക്കിനൊക്കെ തോറ്റ വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിനു നടപടി സ്വീകരിക്കണം എന്നാണ് പ്രധാന ആവശ്യം. ഈ അടിയന്തര സാഹചര്യത്തില്‍ മാര്‍ക്ക് റീ ടോട്ടലിങ് എങ്കിലും നടത്തുന്നതിന് സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Top