അഞ്ച് ഗോൾ അടിച്ച് റെക്കോർഡ് നേട്ടവുമായി എംബാപ്പെ; പി എസ് ജിക്ക് വമ്പന്‍ വിജയം

പാരീസ്: ഫ്രഞ്ച് കപ്പിൽ പിഎസ്‌ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് പേയ്സ് ഡി കാസലിനെ പിഎസ്‌ജി തകര്‍ത്തത്. സൂപ്പര്‍താരം കിലിയൻ എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകൾ. മത്സരത്തിൽ സൂപ്പര്‍ താരം മെസി കളിച്ചിരുന്നില്ല. 24ന് നടക്കുന്ന പ്രീക്വാര്‍ട്ടറിൽ മാഴ്സെയാണ് പിഎസ്‌ജിയുടെ എതിരാളി.

29-ാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോളടിച്ചത്. രണ്ട് മിനിറ്റിനുശേഷം നെയ്മറും ഗോളടച്ച് പി എസ് ജിയുടെ ലീഡുയര്‍ത്തി. ഇടവേളക്ക് മുമ്പ് എംബാപ്പെ രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചു. 12 മിനിറ്റനിനുള്ളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക് പിറന്നത്.

രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ നാലാമത്തെയും അഞ്ചാമത്തെയും ഗോളുകള്‍. കാര്‍ളോസ് സോളാര്‍ പി എസ് ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി ഏഴാം ഗോളും നേടി. ഇന്നലെ അഞ്ച് ഗോളടിച്ചതോടെ സീസണില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 24 മത്സരങ്ങളില്‍ 25 ആയി.

പിഎസ്‌ജി കുപ്പായത്തില്‍ 196 ഗോളുകളായ എംബാപ്പെ 200 ഗോളുകളെന്ന എഡിസണ്‍ കവാനിയുടെ റെക്കോര്‍ഡിന് അടുത്തെത്തുകയും ചെയ്തു. ഡിസംബറില്‍ ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടിയശേഷം കളിക്കാനിറങ്ങിയ നാലു കളികളില്‍ ആറു ഗോളുകളാണ് എംബാപ്പെ നേടിയത്. പി എസ് ജിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ക്ലബ്ബിനായി അഞ്ച് ഗോളുകള്‍ നേടുന്നത്. ലിയോണല്‍ മെസിക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ എംബാപ്പെയും നെയ്മറും 90 മിനിറ്റും കളിച്ചു.

Top