പി.എസ്.ജിയിലും നിറംമങ്ങി എംബാപ്പെ, ഇനി മെസിയും നെയ്മറും ‘തീരുമാനിക്കും’

കിലിയൻ എംബാപ്പേ ‘കിളി’ പോയ അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ലോകകപ്പ് നേട്ടത്തിനു ശേഷം ക്ലബ് ഫുട്ബോളിൽ കളിക്കാനായി ഫ്രാൻസിൽ തിരിച്ചെത്തിയ ലയണൽ മെസിക്ക് പി.എസ്.ജി താരങ്ങൾ ഒരുക്കിയ ഗാർഡ് ഓഫ് ഓണറിൽ നിന്നും വിട്ട് നിന്നാണ് തന്റെ മാനസികാവസ്ഥ എംബാപ്പേ പ്രകടിപ്പിച്ചിരിക്കുന്നത്.

മെസിയും നെയ്മറും ഇല്ലാതെ കളിക്കളത്തിൽ ഇറങ്ങിയ എംബാപ്പേക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചിരുന്നില്ല. ഇതോടെ സ്വന്തം തട്ടകത്തിൽ പി.എസ്.ജിക്ക് നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. ജനുവരി രണ്ടിന് ലെൻസിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി തോറ്റത്. മെസിയും നെയ്മറും ഇല്ലാതെ എംബാപ്പെ ഒന്നുമാകില്ലന്ന് പി.എസ്.ജി അധികൃതരെ ബോധ്യപ്പെടുത്തിയ മത്സരം കൂടി ആയിരുന്നു അത്.

ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന – ഫ്രാൻസ് പോരാട്ടം എന്നതിലുപരി മെസി – എംബാപ്പേ പോരാട്ടമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. ഈ മത്സരത്തിൽ തകർന്നടിഞ്ഞതോടെയാണ് എംബാപ്പെയ്ക്ക് മെസിയോടുള്ള അതൃപ്തി വർദ്ധിച്ചിരിക്കുന്നത്. അതു കൊണ്ടാണ് അദ്ദേഹം മെസിക്ക് നൽകിയ സ്വീകരണത്തിൽ നിന്നും വിട്ടു നിന്നിരിക്കുന്നത്. ഈ ഭിന്നത പി.എസ്.ജി ടീമിനെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ മാറിയിരിക്കുന്നത്.

പി.എസ്.ജിയിലെ എംബാപ്പെയുടെ പ്രധാന കൂട്ട് അഷ്റഫ് ഹക്കീമിയാണ്. മെസിക്കാകട്ടെ അടുപ്പം ഏറെയും നെയ്മറിനോടാണ്. നെയ്മറിനെ പി.എസ്.ജിയിൽ നിന്നും പുകച്ച് പുറത്ത് ചാടിക്കാൻ എംബാപ്പെ ശ്രമിക്കുന്നുണ്ട് എങ്കിലും അതിന് ക്ലബ് അധികൃതർ വഴങ്ങിയിട്ടില്ല. ഇപ്പോഴത്തെ തോൽവി കൂടി ആയപ്പോൾ എംബാപ്പെയുടെ ഗ്രാഫ് കുത്തനെയാണ് ഇടിഞ്ഞിരിക്കുന്നത്. എം ബാപ്പയെ വാഴ്ത്തിയ മെസ്സി വിരുദ്ധരും ഇതോടെ നാണംകെട്ട അവസ്ഥയിലാണ് നിലവിൽ ഉള്ളത്.

മെസിയുമായി ഒരു താരതമ്യത്തിനു പോലും അർഹനല്ല എംബാപ്പെ എന്നതാണ് യാഥാർത്ഥ്യം. മെസി നേടിയ നേട്ടങ്ങൾ എംബാപെയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എംബാപ്പയുടെ പ്രായത്തിൽ മെസി കളിച്ച കളിയുടെ അടുത്തു പോലും ഇന്നും എംബാപ്പെ എത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മികച്ച പ്രകടനമെന്ന് വിലയിരുത്തപ്പെടുന്ന ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിൽപ്പോലും ഏറ്റവും നന്നായി കളിച്ചത് ലയണൽ മെസിയാണ്. മത്സരത്തിന്റെ ഭൂരിപക്ഷ സമയവും നോക്കു കുത്തിയായി നിൽക്കേണ്ടി വന്ന എംബാപ്പെയ്ക്ക് വീണു കിട്ടിയ അവസരമാണ് ഗോളാക്കി മാറ്റാൻ കഴിഞ്ഞത്. ഇതിൽ അർജന്റീനയുടെ പിഴവും എടുത്തു പറയേണ്ട കാര്യമാണ്.

എന്നാൽ മെസി അങ്ങനെയല്ല കളിച്ചത്. ഗോളടിക്കുക എന്നതിലുപരി ഗോളടിപ്പിക്കുക എന്നതിലാണ് അദ്ദേഹം ശ്രദ്ധ്ര കേന്ദ്രീകരിച്ചത്. ഈ ലോക കപ്പ് മത്സരത്തിൽ ഉടനീളം അങ്ങനെ തന്നെയാണ് മെസി കളിച്ചിരിക്കുന്നത്. അതല്ലായിരുന്നു എങ്കിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതിന് എംബാപ്പെയ്ക്ക് ലഭിച്ച ഗോൾഡൻ ബൂട്ടും മെസിയുടെ കാലിലാണ് കിടക്കുമായിരുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ പന്ത് ലഭിച്ച മെസിക്ക് ലോകകപ്പ് തന്റെ രാജ്യത്തിനായി സ്വന്തമാക്കാൻ കഴിഞ്ഞതാണ് ത്രില്ലടിപ്പിക്കുന്നത്. മറ്റെല്ലാ നേട്ടങ്ങളും ഇതിനകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.

ചെറിയ പ്രായമാണ്… ഇനിയും ഒരുപാട് അവസരങ്ങളൊക്കെ എംബാപ്പെയ്ക്ക് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘പരിമിതി’യും സ്വഭാവവും വച്ച് അധികമൊന്നും പ്രതീക്ഷിച്ചിട്ട് ഒരു കാര്യവുമില്ല. മറ്റുള്ളവരുടെ സഹായമില്ലങ്കിലും ഏത് പ്രതിരോധ കോട്ടകളും തകർത്ത് മെസി ഗോളടിക്കും. എന്നാൽ എംബാപ്പെയ്ക്ക് അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. അസൂയ തലയ്ക്ക് പിടിച്ച ഒരു താരവും ഗ്രൗണ്ടിൽ വാണ ചരിത്രമില്ലന്നതും എംബാപ്പെ വാദികൾ ഓർക്കുന്നതു നല്ലതാണ്.

EXPRESS KERALA VIEW

Top