സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങൾക്ക് പിന്തുണ: സ്പീക്കർ

പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട്ട് ഇന്നു ചേരുന്ന സമാധാനയോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കർ എംബി രാജേഷ്. സ്പീക്കർമാർ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കുന്നില്ലെന്ന് എംബി രാജേഷ് അറിയിച്ചത്. നേരത്തെ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയിരുന്നത്.

സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ലെന്ന് രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നതായും എംബി രാജേഷ് പോസ്റ്റിൽ പറഞ്ഞു.

Top