എംബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കർ എം ബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.തദ്ദേശ- എക്‌സൈസ് വകുപ്പുകളായിരിക്കും എം ബി രാജേഷിന് ലഭിക്കുക.

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. എം ബി രാജേഷ് സ്പീക്കർ സ്ഥാനം ഒഴിയുമ്പോൾ പകരം തലശ്ശേരി എംഎൽഎ എ എൻ ഷംസീറിനെ തൽസ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നു.

തൃത്താലയിൽ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാൻ രാജിവെച്ച ഒഴിവ് ഇപ്പോൾ നികത്താൻ സിപിഎം തീരുമാനിച്ചിട്ടില്ല.

Top