കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കേരളം ഇതുവരെ കാണാത്ത യുവജന വഞ്ചനയാണ് നടക്കുന്നത്. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണിത്.നേതാക്കളുടെ ബന്ധുക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള മേളയാണ്. യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകും. വിവാദമായ മുഴുവന്‍ നിയമനങ്ങളും റദ്ദുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി ഓഫീസിലേക്ക് ആളെ വെക്കും പോലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആളെ വെയ്ക്കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കും. കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷനെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. അതിനിടെ റോജി എം ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലടി സര്‍വകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സര്‍വകലാശാലയിലേക്ക് കടക്കാനുള്ള എല്ലാ പ്രവേശന കവാടങ്ങളും പോലീസ് അടച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതില്‍ ചാടി അകത്ത് കടന്നു. പിന്നീട് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മറ്റുള്ളവര്‍ പിരിഞ്ഞുപോയി. യുവമോര്‍ച്ച പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.

Top