ജാഗ്രത ! എം.ബി രാജേഷിന് കിട്ടിയ ‘പൊങ്കാല’ ഒരു സൂചന തന്നെയാണ്

സോഷ്യല്‍ മീഡിയ വിധി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇനി വരാന്‍ പോകുന്നത്. പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത് പ്രചരണത്തിന് സോഷ്യല്‍ മീഡിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോകേണ്ടത്. സോഷ്യല്‍ മീഡിയയിലെ വികാരത്തെ, യഥാര്‍ത്ഥ ജനവികാരമായി ഒരിക്കലും വിലയിരുത്താന്‍ പറ്റില്ലെങ്കിലും, അതൊരു സൂചന തന്നെയാണ്.

ഈ കാഴ്ചപ്പാടില്‍ നോക്കിയാല്‍ എം.ബി രാജേഷിന്റെ പോസ്റ്റിനു ലഭിച്ച ഡിസ് ലൈക്കുകള്‍ ഒരു മുന്നറിയിപ്പാണ്. 46,000 ലൈക്ക് ലഭിച്ചപ്പോള്‍ 1,09000 ഡിസ് ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഇത് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നതില്‍ ഇവിടെ വിജയിച്ചിരിക്കുന്നത് പ്രതിപക്ഷമാണ്.

പി.എസ്.സി നിയമന വിവാദത്തിലെ സി.പി.എം നിലപാടിനെയാണ് സോഷ്യല്‍ മീഡിയ തിരസ്‌ക്കരിച്ചിരിക്കുന്നത്. സി.പി.എം സൈബര്‍ മുഖം കൂടിയായ എം.ബി രാജേഷിന്റെ വിശദീകരണം സി.പി.എം കേരള യൂട്യൂബ് ചാനലിലാണ് പോസ്റ്റ് ചെയ്തിരുന്നത്. ‘സത്യം പറയുന്ന രേഖകളും കണക്കുകളും’ എന്ന പേരിലായിരുന്നു വിശദീകരണം. ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തുടങ്ങിയ ഡിസ് ലൈക്ക് പരമ്പര, ഇപ്പോഴും തുടരുകയാണ്. കമന്റുകളില്‍ ബഹുഭൂരിപക്ഷവും സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. ഇവിടെ ശരിക്കും പിഴച്ചിരിക്കുന്നത് സി.പി.എം സൈബര്‍ സംവിധാനത്തിനാണ്. കേഡറുകളുടെ കാര്യത്തിലും ജനപിന്തുണയിലും, ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എം ആണ്.

ഇടതുപക്ഷം എന്ന് പറഞ്ഞാല്‍ തന്നെ അത് സി.പി.എമ്മാണ്. മറ്റു ഘടകകക്ഷികളില്‍ സി.പി.ഐക്കാണ് അല്പമെങ്കിലും സ്വാധീനമുള്ളത്. ചെമ്പടയുടെ ഈ കരുത്തില്‍ മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. എന്നാല്‍ യു.ഡി.എഫിന്റെ അവസ്ഥ അതല്ല, മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സുമില്ലാതെ, അധികാരം സ്വപ്നം കാണാന്‍ പോലും കോണ്‍ഗ്രസ്സിന് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന സി.പി.എമ്മിന് പക്ഷേ, ഇപ്പോള്‍ പറ്റിയിരിക്കുന്നത് ഗുരുതര പിഴവാണ്. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് വീഴ്ച പറ്റിയിരിക്കുന്നത്.

അതിന്റെ ഒന്നാംന്തരം ഒരു ഉദാഹരണമാണ്, എം.ബി രാജേഷിന്റെ പോസ്റ്റിന് ലഭിച്ച പൊങ്കാല. ഡിസ് ലൈക്കുകള്‍ അടിപ്പിക്കുവാന്‍, ബി.ജെ.പിയും യു.ഡി.എഫും ഒരു പോലെയാണ് ഇടപെടല്‍ നടത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍, ഇതിനായി പ്രത്യേക ആഹ്വാനങ്ങള്‍ തന്നെയുണ്ടായിട്ടുണ്ട്. ഇതാണ് ഇത്രയധികം ഡിസ് ലൈക്കുകള്‍ ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്. ഈ സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതും, സി.പി.എമ്മിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ചോദിച്ച് വാങ്ങിയ തിരിച്ചടി എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ സ്പെയ്സ് ഉള്ളത്, സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കുമാണ്.എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു ,ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക സംഘടനകള്‍ തുടങ്ങിയവയിലായി ലക്ഷക്കണക്കിന് പേരാണ് അണിനിരന്നിരിക്കുന്നത്. ഈ സംഘടനകള്‍ക്കെല്ലാം, ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ താഴെ തട്ടു വരെയുണ്ട്. ഇതിനു പുറമെ സി.പി.എമ്മിന് നേരിട്ടും അനവധി സൈബര്‍ ഗ്രൂപ്പുകളുണ്ട്. എതിരാളികള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത കരുത്താണിത്.

ഇത്രയും ശക്തമായ സംവിധാനം സൈബര്‍ മേഖലയില്‍ ഉണ്ടായിട്ടും, എം.ബി. രാജേഷിന്റെ പോസ്റ്റിന് ആക്രമണം നേരിടേണ്ടി വന്നത് വലിയ വീഴ്ചയാണ്. സി.പി.എം കേഡര്‍മാരില്‍ ചെറിയ ഒരു വിഭാഗം വിചാരിച്ചിരുന്നെങ്കില്‍ പോലും, ഈ തിരിച്ചടി ഒഴിവാക്കാമായിരുന്നു. ശക്തി എത്ര ഉണ്ട് എന്നതിലല്ല, അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ഇക്കാര്യത്തില്‍, ഫലപ്രദമായി പ്രവര്‍ത്തിച്ചിരിക്കുന്നത് പ്രതിപക്ഷ സംഘടനകളാണ്. ഓരോ വിഷയത്തിലും ഇത് തന്നെയാണ് സി.പി.എം നിലപാടെങ്കില്‍, അത് പ്രതിപക്ഷത്തിനാണ് ‘വളമാകുക’.

സോഷ്യല്‍ മീഡിയകളിലെ പ്രതിപക്ഷത്തിന്റെ സംഘടിത ഇടപെടലുകളെ, സംഘടിതമായി തന്നെ ചെറുക്കാന്‍ സി.പി.എമ്മിനും കഴിയണം. അതിനായാണ് വര്‍ഗ്ഗ ബഹുജന സംഘടനകളെ ഉപയോഗപ്പെടുത്തേണ്ടത്. ഒരു കള്ളം പലവട്ടം പറഞ്ഞാല്‍, അത് യാഥാര്‍ത്ഥ്യമായി വിലയിരുത്തുന്ന വിഭാഗങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഇത്തരക്കാരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍, സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് കഴിയുകയും ചെയ്യും. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ, അയോധ്യനിലപാട് പ്രചരണമാക്കുന്നതിലും, ഇടതുപക്ഷത്തിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. സമസ്തയുടെ കോപത്താല്‍, മുസ്ലീം ലീഗും യു.ഡി.എഫും ഉരുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തേണ്ടത് ഇടതുപക്ഷമാണ്. പ്രത്യേകിച്ച്, ആര്‍.എസ്.എസ് തലവനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് നടന്ന ശിലാസ്ഥാപനത്തിനെതിരെ, പ്രതിഷേധവും ശക്തമാണ്. നിരവധി സംഘടനകള്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുമുണ്ട്.

ഇവിടെയാണ് നാം, സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലുകളും വീക്ഷിക്കേണ്ടത്. കൃത്യവും തന്ത്രപരവുമാണ് അവരുടെ ഇടപെടല്‍. അത് അയോധ്യ വിഷയത്തില്‍ മാത്രമല്ല, എല്ലാ വിഷയത്തിലും പരിവാര്‍ ഇടപെടല്‍, സോഷ്യല്‍ മീഡിയകളില്‍ ശക്തമാണ്. ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍, നേരിട്ട് ഇടപെട്ടാണ് സൈബര്‍ വിഭാഗങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ഈ ഇടപെടല്‍ മൂലമാണ് അവര്‍ക്ക് കേരളത്തില്‍ പോലും, സൈബര്‍ സ്പെയ്സില്‍ തിളങ്ങാന്‍ കഴിയുന്നത്.

തങ്ങളുടെ അജണ്ടകള്‍, പൊതു സമൂഹത്തില്‍ എത്തിക്കുന്നതിനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. അവരെ സംബന്ധിച്ച് ലക്ഷ്യം ഒന്നു മാത്രമാണ്. അത് ചെങ്കൊടിയാണ്. പിണറായി സര്‍ക്കാരിന്റെ അവസാനമാണ് പ്രതിപക്ഷം കാണുന്ന സ്വപ്നം. ഈ സ്വപ്നങ്ങള്‍ക്ക് ചെമ്പടയായിട്ട് ‘നിറം’ പകര്‍ന്നാല്‍, എല്ലാം അധികം താമസിയാതെ അസ്തമിക്കും.

ഈ ഒരവസ്ഥ ഇല്ലാതാക്കാന്‍, ആയുധങ്ങള്‍ക്ക് മൂര്‍ച്ച നല്‍കി പ്രതിരോധം തീര്‍ക്കേണ്ടത്, സൈബര്‍ മേഖലയിലെ ചെമ്പടയുടെ കടമയാണ്. അവര്‍ ആ കടമ നിറവേറ്റിയില്ലങ്കില്‍ പ്രതിപക്ഷത്തിനാണ് കാര്യങ്ങള്‍ എളുപ്പമാകുക. വൈകിയെങ്കിലും ഇക്കാര്യങ്ങള്‍, സി.പി.എം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്.

Top