‘സുധീരന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമുള്ളത്’; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചേ തീരൂവെന്നും മന്ത്രി എം.ബി രാജേഷ്. ഇടതുപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെ കണക്കിലെടുക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ് ഈ വിമര്‍ശനങ്ങളോട് എന്ത് നിലപാടെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയതെന്നും ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണെന്നുമുള്ള സൂധീരന്‍ ഉന്നയിച്ച രണ്ട് കാര്യങ്ങളും അതീവ ഗൗരവമുള്ളതാണ്. ഈ വിമര്‍ശനങ്ങള്‍ ഇടതുപക്ഷം എത്രയോ കാലമായി ഉയര്‍ത്തുന്നതാണ്‌. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന, ചോദ്യം ചെയ്യുന്ന ഈ അതിനിശിത വിമര്‍ശനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും എന്ത് മറുപടിയാണുള്ളതെന്നും എം.ബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടിയത്.

എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശ്രീ. വി.എം. സുധീരന്‍ മാധ്യമങ്ങളുമായി സംസാരിച്ചത് യാദൃശ്ചികമായി തത്സമയം കാണുകയുണ്ടായി. കോണ്‍ഗ്രസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഒന്ന് കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി.ക്ക് ഇപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയത് എന്നതാണ്. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി.യും ഇപ്പോള്‍ പിന്തുടരുന്നത്. ആ അര്‍ത്ഥത്തില്‍ ബി.ജെ.പി.ക്ക് വഴിയൊരുക്കിക്കൊടുത്തത് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണ്. രണ്ടാമത്തേത്, ബി.ജെ.പി.യുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ് എന്നത്. ബി.ജെ.പി.യുടെ തീവ്ര വര്‍ഗീയതയെ ഈ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാനാവില്ല. ബി.ജെ.പി.യുടെ വര്‍ഗീയതയെ നേരിടുന്നതിലുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടവും പതര്‍ച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതില്‍ കാണുന്നത്. വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കില്‍ ആ ക്ഷണം കയ്യോടെ നിരാകരിക്കേണ്ടതായിരുന്നു. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.

ഈ വിമര്‍ശനങ്ങള്‍ ഇടതുപക്ഷം എത്രയോ കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെ കണക്കിലെടുക്കാത്ത കേരളത്തിലെ കോണ്‍ഗ്രസ്, മുന്‍ കെ.പി.സി.സി. പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശ്രീ വി.എം സുധീരന്റെ ഈ വിമര്‍ശനങ്ങളോട് എന്ത് നിലപാടെടുക്കും? ഗുരുതരമായ വിമര്‍ശനങ്ങളാണ് ശ്രീ സുധീരന്‍ ഉയര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന, ചോദ്യം ചെയ്യുന്ന ഈ അതിനിശിത വിമര്‍ശനങ്ങള്‍ക്ക് എന്ത് മറുപടിയുണ്ട് കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും? ശ്രീ സുധീരന്‍ പറഞ്ഞ അഞ്ച് ഗ്രൂപ്പുകളെക്കുറിച്ചും, ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെക്കുറിച്ചും, അതില്‍ കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പങ്കിനെക്കുറിച്ചൊന്നും പറയുന്നില്ല. അതെല്ലാം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളാണ്. അവര്‍ നോക്കട്ടെ. പക്ഷെ അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ആ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചേ തീരൂ.

Top