തൃക്കാക്കര നഗരസഭയ്‌ക്കെതിരെ മന്ത്രി എം ബി രാജേഷ്; ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല

കൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് നേരില്‍ക്കണ്ട നഗരസഭ ചെയര്‍പേഴ്‌സണെ ഇക്കാര്യം മന്ത്രി അറിയിച്ചു. നഗരസഭയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോര്‍പ്പറേഷന്റെ മാലിന്യവണ്ടികള്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞ തൃക്കാക്കരയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. മാലിന്യം സംസ്‌ക്കരിച്ച വകയില്‍ തൃക്കാക്കര നഗരസഭ കൊച്ചി കോര്‍പ്പറേഷന് തരാനുള്ള പണം കുടിശികയാണ്.

സമയം നീട്ടി നല്‍കണമെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ ആവശ്യപെട്ടിട്ടില്ല. ലോറി തടഞ്ഞത് ക്രിമിനല്‍ കേസ് എടുക്കേണ്ട നടപടിയാണ്. ബോധപൂര്‍വ്വമായ രാഷ്ട്രീയ നടപടിയാണ് തൃക്കാക്കര നഗരസഭ ചെയ്യുന്നത്. ഈ മാസം 31 കഴിഞ്ഞാല്‍ കോര്‍പ്പറേഷനും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ല. ജനങ്ങളില്‍ നിന്ന് നഗരസഭ ഭരണ സമിതി ഒറ്റപ്പെടും. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ ആവശ്യപെട്ടാല്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കൊച്ചി മേയര്‍ പറഞ്ഞു.

Top