പിതാവ് തുടങ്ങിവെച്ച ദൗത്യം പ്രിയങ്ക പൂര്‍ത്തീകരിച്ചു; തുറന്നടിച്ച് എം ബി രാജേഷ്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ തുറന്നടിച്ച് സിപിഎം നേതാവ് എം ബി രാജേഷ്. സ്വന്തം പിതാവിലൂടെ കോണ്‍ഗ്രസ് തുടങ്ങിവച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നതെന്ന് എംബി രാജേഷ് പറഞ്ഞു. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘ ബിജെപിയുടെ പ്രിയങ്ക’ര ഭജന സംഘം’ എന്ന ലേഖനത്തിലാണ് രാജേഷ് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തിയത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ അരനൂറ്റാണ്ട് തര്‍ക്കം ഒഴിവാക്കാന്‍ അടച്ചിട്ട സ്ഥലം 1989ല്‍ വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസത്തിന് തുറന്നുകൊടുത്തതിലൂടെ ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ വഴിയൊരുക്കിയ രാജീവ് ഗാന്ധിയുടെ മകള്‍ മസ്ജിദ് പൊളിച്ച സ്ഥലത്ത് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്ന നിര്‍മാണത്തെ എങ്ങനെ പിന്തുണയ്ക്കാതിരിക്കുമെന്നും എംബി രാജേഷ് ചോദിക്കുന്നു.

അയോധ്യയെ മുന്‍നിര്‍ത്തിയുള്ള സംഘപരിവാര്‍ പരിശ്രമങ്ങള്‍ ഇതുവരെ കൈവരിച്ച എല്ലാ വിജയത്തിലും കോണ്‍ഗ്രസിന്റെ നിര്‍ണായക സംഭാവനയുണ്ട്. ഇനിയുള്ള ദൗത്യത്തിന് കോണ്‍ഗ്രസ് സഹായം ആവശ്യമില്ല. രാജീവുമുതല്‍ റാവുവരെ ചെയ്തുകൊടുത്ത സഹായങ്ങളുടെ ഉപകാരസ്മരണ തങ്ങളോട് കാണിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നുമുള്ള പരിഭവം പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ലജ്ജം അവരുടെ പിന്നാലെ പോയി കേഴുന്ന കാഴ്ച എത്ര ദയനീയമാണെന്നും എംബി രാജേഷ് ചോദിക്കുന്നു.

പ്രിയങ്ക പറയുന്നത് ‘രാമക്ഷേത്രം’ ദേശീയ ഐക്യത്തിന്റെ മുഹൂര്‍ത്തമാകുമെന്നാണ്. ഏത് ദേശീയതയെക്കുറിച്ചാണ് പ്രിയങ്ക പറയുന്നത്? മഹാത്മാ— നെഹ്‌റുമാരുടെ കാലത്ത് ഉയര്‍ത്തിപ്പിടിച്ച, സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷ ദേശീയതയല്ലെന്നുറപ്പ്. അതിനെ റദ്ദ് ചെയ്യുകയും ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച മതദേശീയതയുടെ വക്താവായി പ്രിയങ്കയും കോണ്‍ഗ്രസും അധഃപതിക്കുകയും ചെയ്തിരിക്കുന്നു എന്നര്‍ഥം.

ക്ഷേത്രമാണെങ്കില്‍ അതുണ്ടാക്കുന്നിടത്ത് സര്‍ക്കാരുകള്‍ക്ക് എന്ത് കാര്യം? ട്രസ്റ്റ് ചെയ്യേണ്ട ജോലി ഇവരെന്തിന് ഏറ്റെടുക്കണം? ആ ചോദ്യത്തിനുള്ള ഉത്തരം ബിജെപി എംപി തേജസ്വി സൂര്യ നല്‍കിയിട്ടുണ്ട്. ‘ഭരണകൂട നിയന്ത്രണം ഹിന്ദുക്കളിലായിരിക്കണമെന്ന പാഠത്തിന്റെ പ്രാധാന്യമാണ് അയോധ്യയിലെ ശിലാസ്ഥാപനം പഠിപ്പിക്കുന്നത്’ എന്നാണ് അയാളുടെ ട്വീറ്റ്. ഇതിന്റെ അര്‍ഥം മോഡി നടത്തുന്നത് ക്ഷേത്രത്തിന്റെയല്ല മതരാഷ്ട്രത്തിന്റെ ശിലാസ്ഥാപനമാണ് എന്നത്രേ. അതിനെയാണ് പ്രിയങ്ക പിന്തുണച്ചതെന്നും എംബി രാജേഷ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

പ്രിയങ്കയ്ക്കുമാത്രം ഈ തിരിച്ചറിവൊന്നുമില്ല! നിയമവിരുദ്ധവും അപലപനീയവുമെന്ന് പള്ളിപൊളിക്കലിനെ സുപ്രീംകോടതി അയോധ്യ വിധിയില്‍ വിശേഷിപ്പിച്ചതും പ്രിയങ്കയ്ക്ക് പ്രശ്‌നമല്ല. ചരിത്രത്തിലുടനീളം ആര്‍എസ്എസുമായി അവിശുദ്ധ വിനിമയങ്ങളിലേര്‍പ്പെട്ടവരാണ് എന്നത് മനസ്സിലാക്കിയാല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളില്‍ ഒട്ടും അത്ഭുതംതോന്നേണ്ട കാര്യമില്ല.

ഇന്ദിരയുടെ കാലത്ത് ശക്തിപ്പെട്ട കൊടുക്കല്‍ വാങ്ങലുകളുടെ തുടര്‍ച്ചയായിരുന്നു രാജീവ് ഗാന്ധി അയോധ്യയില്‍ ശിലാന്യാസത്തിന് അനുമതി കൊടുത്തത്. ബൊഫോഴ്‌സ് അഴിമതിയാരോപണങ്ങളുടെ ചെളിക്കുണ്ടിലായ രാജീവ് ഗാന്ധി 1989ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആര്‍എസ്എസ് പിന്തുണ തേടി. രാജീവ് ഗാന്ധി മുന്‍ കേന്ദ്രമന്ത്രിയും ഗോവ ഗവര്‍ണറുമായിരുന്ന ഭാനു പ്രകാശ് സിങ്ങിനെ തന്റെ രഹസ്യദൂതനായി ദേവറസിനടുത്തേക്ക് അയച്ചു.

അയോധ്യയില്‍ ശിലാന്യാസം അനുവദിക്കാമെന്നും പകരം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും ഏകദേശ ധാരണയായി. പിന്നീട് ഡല്‍ഹിയില്‍വച്ച് ധാരണ ഉറപ്പിച്ചു. പരിവാര്‍ അജന്‍ഡയുമായി എക്കാലത്തും കോണ്‍ഗ്രസ് പുലര്‍ത്തിവന്ന അന്തര്‍ധാരമൂലമാണ് അയോധ്യയിലെ നിര്‍മിതി ‘ദേശീയ ഐക്യത്തിന്റെ’ മുഹൂര്‍ത്തമാണെന്നൊക്കെ മടിയില്ലാതെ പ്രിയങ്ക പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

Top