സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പത് മിനുട്ടിൽ; കെ സ്മാര്‍ട്ടെന്ന് എംബി രാജേഷ്

ഗുരുവായൂര്‍ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് മുപ്പത് മിനുട്ടിൽ കൈമാറിയെന്ന് തദ്ദേശവികസ വകുപ്പ് മന്ത്രി എംബി രാജേഷ്. കെ സ്മാര്‍ട്ടിലൂടെ സേവനങ്ങൾ എത്ര വേഗത്തിലാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഓൺലൈൻ സര്‍ട്ടിഫിക്കറ്റ് നേരത്തെ നൽകിയിരുന്നു. മുപ്പത് മിനുട്ടിൽ ഒര്‍ജിനൽ സര്‍ട്ടിഫിക്കറ്റും നൽകി.കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

എംബി രാജേഷിന്റെ കുറിപ്പ്

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്..

‘ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക’, എന്ന് സുരേഷ് ​ഗോപി കുറിച്ചു. ഒപ്പം ​ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ​ഗോപി പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി രം​ഗത്ത് എത്തിയത്.

ഇന്ന് പുലര്‍ച്ചെ ആയിരുന്നു സുരേഷ് ഗോപി രാധിക ദമ്പതികളുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. ശ്രേയസ് ആണ് വരന്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. ഒപ്പം മമ്മൂട്ടിയും കുടുംബവും മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. കൂടാതെ ബിജു മേനോന്‍, സംയുക്ത വര്‍മ, ജയറാം, പാര്‍വതി തുടങ്ങിയവരും ഗുരുവായൂരില്‍ എത്തിയിരുന്നു.

Top