മേയറുടെ കത്ത് വിവാദം; സ‍ര്‍ക്കാ‍ര്‍ ഇടപെട്ടു; നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി ആക്കും

തിരുവനന്തപുരം : താൽക്കാലിക ഒഴിവുകൾ വേഗത്തിൽ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് മേയ‍ര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് സര്‍ക്കാര്‍. 295 താൽക്കാലിക തസ്തികകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടൽ.

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ, സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.

കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്.

കത്തയച്ച ഒന്നാംതിയതി “എവിടെ എന്റെ തൊഴിൽ” എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.

Top