മേയർ തെരഞ്ഞെടുപ്പ് തർക്കം; ദില്ലിയിൽ ലഫ് ഗവർണറുടെ വസതിക്ക് മുമ്പിൽ ‘ആപ്’ പ്രതിഷേധിച്ചു

ദില്ലി : ദില്ലിയിൽ എംസിഡി മേയർ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നു. ലഫ് ഗവർണറുടെ വസതിക്ക് മുമ്പിൽ ആപ് പ്രവർത്തകർ പ്രതിഷേധിച്ചു. ലഫ്. ഗവർണർ വിനയ് കുമാർ സാക്സെന ചട്ടങ്ങൾ മറികടന്ന് ജനവിധി അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ആപ് ലഫ് ഗവർണറുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. അതിഷി മർലേന ഉൾപ്പടെ മുതിർന്ന നേതാക്കൾ നയിച്ച മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ആം ആദ്മി പാർട്ടി ഗുണ്ടായിസം കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവർത്തകരും രാജ്ഘട്ടിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സിവിൽ സെൻററിൽ ഇന്നലെയുണ്ടായ കയ്യാങ്കളിയിൽ രണ്ട് ബിജെപി വനിതാ കൌൺസിലർമാർക്ക് പരിക്കേറ്റുവെന്ന് ബിജെപി പരാതിപ്പെട്ടിരുന്നു.

അതേസമയം സംഘർഷം കാരണം മുടങ്ങിയ മേയർ തെരഞ്ഞെടുപ്പിൻറെ നടത്തിപ്പ് ഉടൻ ഉണ്ടാകില്ലെന്നാണ് ലെഫ്.ഗവർണറുടെ ഓഫീസ് നൽകുന്ന വിവരം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ പുതിയ പ്രിസൈഡിംഗ് ഓഫീസറെ കണ്ടെത്തണം. മുൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് പ്രിസൈഡിംഗ് ഓഫീസറാകാനുള്ളവരുടെ ചുരുക്ക പട്ടികയുണ്ടാക്കി അത് കമ്മീഷണർ ഓഫീസിലേക്കയച്ച് അതിന് ശേഷം ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നിവരും അംഗീകരിച്ചാലാണ് പട്ടിക എൽജിക്ക് മുന്പിൽ എത്തുന്നത്. ലെഫ് ഗവർണറാണ് പ്രിസൈഡിംഗ് ഓഫീസറെ തെരഞ്ഞെടുക്കുക. ഈ നടപടികൾക്ക് കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന. അങ്ങനെ മേയർ തെരഞ്ഞെടുപ്പ് പരമാവധി വൈകിപ്പിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന് ആപ് കരുതുന്നു. ഇന്നലെ സത്യപ്രതിജ്ഞ നടത്തിയ സത്യാ ശർമ്മ അടക്കമുള്ള 5 ബിജെപി അംഗങ്ങൾ ഉടൻ ചുമതലയേൽക്കും.

Top