കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റും, പാവങ്ങളെ ചേർത്ത് പിടിച്ച് മേയർ . . .

കൊച്ചി: എല്ലാവരെയും കോര്‍ത്തിണക്കി മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ദര്‍ശനം ട്വന്റി ട്വന്റിക്കുണ്ടോയെന്ന് കൊച്ചി മേയര്‍. രാഷ്ട്രീയം ഒരു ഫാഷനല്ല അതൊരു പാഷനാണ്. ഇടയ്ക്ക് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ട് കാര്യമില്ല. അതിനപ്പുറം പോകണമെങ്കില്‍ ഒരു രാഷ്ട്രീയ വീക്ഷണം ആവശ്യമാണ്. അത് രൂപപ്പെടുത്തുന്നത് എല്ലാവരെയും കോര്‍ത്തിണക്കുന്ന ഒരു രാഷ്ട്രീയ ദര്‍ശനം വേണം. ഇത് ട്വന്റി  ട്വന്റിയ്ക്ക് ഉണ്ടോ?  സിപിഎം പണ്ടു മുതലേ തെരഞ്ഞെടുപ്പ് നേരിടുന്നുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തില്‍ ഞങ്ങള്‍ക്ക് നല്ല വിശ്വസമുണ്ട്. അതിനാല്‍ ആര് രാഷ്ട്രീയത്തില്‍ വന്നാലും ഞങ്ങള്‍ക്ക് അസ്വസ്ഥതകളില്ലെന്നും കൊച്ചി മേയറായി ചുമതലയേറ്റ അഡ്വ. എം അനില്‍ കുമാര്‍ പറഞ്ഞു. എക്‌സപ്രസ് കേരളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേയര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പാവപ്പെട്ടവര്‍ക്ക് പരിഗണന ലഭിക്കുന്ന, എല്ലാവരുടെയും പങ്കാളിത്തമുള്ള, അഴിമതി വിരുദ്ധ ഭരണമാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും മേയര്‍ വ്യക്തമാക്കി. അടുത്ത മൂന്ന് മാസം ശുചീകരണ പ്രവര്‍ത്തനങ്ങളിലായിരിക്കും പ്രധാനമായും ഊന്നല്‍ നല്‍കുക. ഹരിത മിഷന്‍ പദ്ധതിയുമായി ചേര്‍ന്നു കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി മനസ്സിലുണ്ട്. പൊലീസ് വിഭാഗവുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി അക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അഡ്വ. എം.അനില്‍കുമാര്‍ പറഞ്ഞു.

(അശ്വതി മോൾ തയ്യാറാക്കിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ)

Top